തൃശ്ശൂര്‍: തിരുവില്വാമല പട്ടിപ്പറമ്പില്‍ എട്ടുവയസ്സുകാരി ആദിത്യശ്രീയുടെ മരണം മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചല്ലെന്ന് ഫൊറന്‍സിക് പരിശോധനാഫലം. ഏപ്രില്‍ 24-ന് രാത്രി പത്തരയോടെയായിരുന്നു തിരുവില്വാമല പട്ടിപ്പറമ്പ് മാരിയമ്മന്‍ കോവിലിനു സമീപം കുന്നത്തുവീട്ടില്‍ മുന്‍ ബ്ലോക്ക് പഞ്ചായത്തംഗം അശോക് കുമാറിന്റെയും തിരുവില്വാമല സര്‍വീസ് സഹകരണബാങ്ക് ഡയറക്ടര്‍ സൗമ്യയുടെയും ഏകമകള്‍ ആദിത്യശ്രീ (8) മരിച്ചത്. ഫോണിന്റേയും മുറിയില്‍നിന്ന് ലഭിച്ച കിടക്കയുടെ അവശിഷ്ടങ്ങളും പരിശോധിച്ചതില്‍നിന്നാണ് ഫോണ്‍ പൊട്ടിത്തെറിയല്ല അപകടകാരണമെന്ന് വ്യക്തമായത്.

ആദിത്യശ്രീ ഫോണ്‍ ഉപയോഗിക്കുമ്പോഴായിരുന്നു പൊട്ടിത്തെറി ഉണ്ടായത്. ഇതേത്തുടര്‍ന്നായിരുന്നു ഫോണ്‍ പൊട്ടിത്തെറിച്ചാണ് അപകടമെന്ന നിഗമനത്തിലേക്ക് പോലീസും മറ്റും എത്തിയത്. പന്നിപ്പടക്കമോ അതിന് സമാനമായ സ്‌ഫോടകവസ്തുവോ പൊട്ടിത്തെറിച്ചാവാം അപകടമുണ്ടായത് എന്നാണ് ഫൊറന്‍സിക് പരിശോധനാഫലം നല്‍കുന്ന സൂചന.

പരിശോധനയില്‍ പൊട്ടാസ്യം ക്ലോറേറ്റിന്റേയും സള്‍ഫറിന്റേയും സാന്നിധ്യം കണ്ടെത്തി. പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍ സംശയം പ്രകടിപ്പിച്ചതിനെത്തുടര്‍ന്നായിരുന്നു വിശദപരിശോധന നടത്തിയത്. പന്നിക്ക് കെണിവെച്ച പടക്കം കുട്ടി എടുത്തുകൊണ്ടുവന്ന് മുറിയില്‍ കൊണ്ടുപോയി കളിച്ചപ്പോള്‍ പൊട്ടിത്തെറിച്ചാവാം അപകടമെന്നാണ് നിഗമനം.

കുന്നംകുളം എ.സി.പി. സി.ആര്‍. സന്തോഷിന്റെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘം സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

ആദിത്യശ്രീ മരിച്ചത് തലയ്‌ക്കേറ്റ പരിക്കുമൂലമെന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. സ്‌ഫോടനത്തില്‍ കുട്ടിയുടെ തലയ്ക്ക് കടുത്ത ആഘാതമേറ്റു. തല ഭാഗികമായി തകര്‍ന്നിരുന്നു. തലച്ചോറിനും ഗുരുതരപരിക്കേറ്റിരുന്നു. തലയുടെ പരിക്കുകൂടാതെ വലതുകൈവിരലുകള്‍ അറ്റുപോകുകയും കൈയ്ക്ക് ഗുരുതരപരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. കുട്ടിയുടെ ശരീരത്തിന്റെ മറ്റിടങ്ങളിലും മുറിവുകളേറ്റിട്ടുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

Related Post

Leave a Reply

Your email address will not be published. Required fields are marked *