പൊന്നാനി : തുടർച്ചയായ പ്രതിഷേധങ്ങൾക്കൊടുവിൽ പുഴമ്പ്രത്തെ ബെവ്‌കോ ഔട്ട്‌ലെറ്റ് അടച്ചുപൂട്ടി. എക്സൈസ് കമ്മിഷണറാണ് മദ്യശാല അടയ്ക്കാൻ ഉത്തരവിട്ടത്. ചമ്രവട്ടം ജങ്ഷനിൽ പ്രവർത്തിച്ചിരുന്ന ഔട്ട്‌ലെറ്റ് ഏപ്രിൽ 29-നാണ് പുഴമ്പ്രത്തെ സൗകര്യപ്രദമായ കെട്ടിടത്തിലേക്ക് മാറ്റിസ്ഥാപിച്ചത്.
അതീവ രഹസ്യമായിട്ടായിരുന്നു മദ്യശാല മാറ്റിസ്ഥാപിക്കൽ നടന്നത്. പ്രവർത്തനം ആരംഭിച്ചപ്പോഴാണ് എല്ലാവരും വിവരമറിയുന്നത്. ഇതോടെ സിപിഎമ്മിന്റെ നേതൃത്വത്തിലാണ് ആദ്യം പ്രതിഷേധമുണ്ടായത്. പ്രതിഷേധത്തെത്തുടർന്ന് തത്കാലം മദ്യശാല അടച്ചെങ്കിലും അൽപ്പസമയത്തിനകം വീണ്ടും തുറന്നു. ഇതോടെ യുഡിഎഫ് പ്രവർത്തകരും പ്രതിഷേധവുമായെത്തി. പോലീസ് നിർദേശിച്ചതനുസരിച്ച് പിന്നീട് മദ്യവിൽപ്പന നിർത്തിവെച്ചു.
എന്നാൽ, പിറ്റേന്ന് വീണ്ടും തുറന്നതോടെ സിപിഎം, കോൺഗ്രസ്, ലീഗ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ഉപരോധം തുടങ്ങി. ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ സമരം തുടരുമെന്ന് രാഷ്ട്രീയ പാർട്ടികൾ അറിയിച്ചു. ജനകീയ സമരസമിതിയിൽനിന്നു മാറി സിപിഎം സ്വന്തമായി സമരം നടത്താൻ തുടങ്ങി. ഇതോടെ മറ്റു രാഷ്ട്രീയ പാർട്ടികളും സംഘടനകളും വെവ്വേറെ ഉപരോധസമരവുമായി മദ്യശാലയ്ക്കുമുൻപിൽ അണിനിരന്നു.
പ്രതിഷേധങ്ങളെത്തുടർന്ന് ചില സമയങ്ങളിൽ പ്രവർത്തനം നിർത്തിവെക്കേണ്ടതായും വന്നു. തുടർച്ചയായ പന്ത്രണ്ടാംദിവസത്തെ സമരത്തിനൊടുവിലാണ് മദ്യശാല അടച്ചുപൂട്ടാൻ എക്സൈസ് വകുപ്പ് നിർബന്ധിതരായത്.
ഞായറാഴ്ച ഉപരോധം നടക്കുന്നതിനിടെയാണ് അടച്ചുപൂട്ടാനുള്ള ഉത്തരവിറങ്ങിയതായി വിവരം ലഭിച്ചത്. ഇതോടെ സിപിഎമ്മിന്റെയും യുഡിഎഫിന്റെയും നേതൃത്വത്തിൽ ആഹ്ലാദപ്രകടനം നടത്തി.