പൊന്നാനി : തുടർച്ചയായ പ്രതിഷേധ സമരങ്ങൾക്കൊടുവിൽ പുഴമ്പ്രത്തെ ബവ്റിജസ് ഔട്‌ലെറ്റ് ഇന്നലെ പൂട്ടി. സിപിഎമ്മും യുഡിഎഫും കഴിഞ്ഞ പന്ത്രണ്ട് ദിവസത്തോളമായി ഔട്‌ലെറ്റിന് മുൻപിൽ സമരം തുടരുകയായിരുന്നു. ഔട്‌ലെറ്റ് തുറന്ന അന്നു മുതൽ ഇടവേളകളില്ലാതെ പ്രതിഷേധ സമരങ്ങൾ അരങ്ങേറി. ഓരോ ദിവസവും സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുന്ന സാഹചര്യമായിരുന്നു. കെട്ടിട നിർമാണ ച്ചട്ടങ്ങൾ മറികടന്നാണ് മദ്യശാല പ്രവർത്തിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി സിപിഎം പൊന്നാനി നഗരസഭയിൽ പരാതി നൽകിയിരുന്നു.
ചട്ടങ്ങൾ മറികടന്നുള്ള ഔട്‌ലെറ്റിനെതിരെ നഗരസഭാ കൗൺസിൽ യോഗത്തിൽ യുഡിഎഫ് കൗൺസിലർമാരും ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. നഗരസഭാ ഭരണവും സംസ്ഥാന ഭരണവുമുള്ള സിപിഎമ്മിന് ഔട്‌ലെറ്റ് പൂട്ടിക്കാൻ കഴിയാതെ സമരം തുടരുന്നത് വലിയ വിമർശനങ്ങൾക്കിടയാക്കിയിരുന്നു. സിപിഎം സമര നാടകം കളിക്കുകയാണെന്നായിരുന്നു ആക്ഷേപം. പുഴമ്പ്രത്തെ ഔട്‌ലെറ്റ് ചമ്രവട്ടം ജംക്‌ഷനിലേക്കു തന്നെ മാറ്റുമെന്നാണ് അറിയുന്നത്. ജംക്‌ഷനിൽ ലോഡ് ഇറക്കാനും മദ്യം സ്റ്റോക്ക് ചെയ്യാനും മതിയായ സ്ഥല മില്ലാതിരുന്ന തിനാലാണ് പുതിയ ഔട്‌ലെറ്റിലേക്കു മാറാൻ ബവ്റിജസ് കോർപറേഷൻ തീരുമാനിച്ചിരുന്നത്.