എടപ്പാൾ : സംസ്ഥാന പാതയോരത്തെ കണ്ണഞ്ചിറ പാടശേഖരം വ്യാപകമായി നികത്തുന്നതിനെതിരേ പ്രതിഷേധവുമായി ബിജെപി.പാടം നികത്തുന്നതിനെതിരേ ബിജെപി യുടെ നേതൃത്വത്തിൽ ശക്തമായ സമരപരിപാടികളുമായി രംഗത്തിറങ്ങാനാണ് തീരുമാനം. കണ്ണംചിറ ബാറിന് പുറകുവശത്തെ വയലിൽ മണ്ണും കെട്ടിട അവശിഷ്ടങ്ങളുമിട്ടാണ് വ്യാപകമായി വയൽ നികത്തുന്നത്.പലരും പാടം മതിൽകെട്ടിത്തിരിച്ച് പുറത്തേക്കറിയാത്തവിധം കുറേശ്ശേയാണ് നികത്തുന്നത്. പിന്നീട് ഈ സ്ഥലം ആവശ്യക്കാർക്ക് വൻവിലയ്ക്ക് മുറിച്ചുവിൽക്കുന്നു.
നാട്ടുകാരുടെ പരാതിയെത്തുടർന്ന് ബിജെപി പ്രവർത്തകർ സ്ഥലം സന്ദർശിച്ചു.ഭരണ പ്രതിപക്ഷ അംഗങ്ങളുടെ ഒത്താശയോടെയാണ് പാടം വ്യാപകമായ നികത്തുന്നതെന്നാണ് ബിജെപിയുടെ ആരോപണം. റവന്യൂമന്ത്രിക്കും കളക്ടർക്കും തഹസിൽദാർക്കും വില്ലേജോഫീസർക്കും പരാതി നൽകുമെന്നും ബിജെപി തവനൂർ മണ്ഡലം പ്രസിഡന്റ് പി.പി. സുജീഷ്, വട്ടംകുളം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മണികണ്ഠൻ തടത്തിൽ, മണ്ഡലം ജനറൽ സെക്രട്ടറി റജി കാലടി, പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ നന്ദകുമാർ ഞാണത്തിൽ, മോഹനൻ ആദാവിൽ, എം. നടരാജൻ എന്നിവർ പറഞ്ഞു.