പൊന്നാനി : കുറ്റിക്കാട് കുട്ടാട് പാടശേഖരം തരംമാറ്റി വയൽ നികത്തിയ സംഭവത്തിൽ നാട്ടുകാർക്കു മുൻപിൽ കൃഷി ഓഫിസറുടെ തുറന്നു പറച്ചിൽ. മറ്റൊരു ഭൂമി കാണിച്ച് കബളിപ്പിച്ചാണ് ഭൂവുടമ തരം മാറ്റാനുള്ള ഉത്തരവ് നേടിയതെന്ന് ഇൗഴുവത്തിരുത്തി കൃഷി ഓഫിസർ തുറന്നു പറഞ്ഞു. ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ തന്നെ ഡപ്യൂട്ടി കലക്ടർക്ക് റിപ്പോർട്ട് അയച്ചതായും കൃഷി ഓഫിസർ അറിയിച്ചു.അനധികൃതമായി വയൽ നികത്തി കെട്ടിട നിർമാണം നടത്തിയിരുന്ന പ്രദേശത്ത് കഴിഞ്ഞ ദിവസം നാട്ടുകാരുടെ സാന്നിധ്യത്തിൽ കൃഷി ഓഫിസർ നേരിട്ട് പരിശോധനയ്ക്ക് എത്തുകയായിരുന്നു. കുട്ടാട് പാടശേഖരത്തിലെ അനധികൃത നിർമാണത്തിനെതിരെ കഴിഞ്ഞ ആഴ്ച വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.തുടർന്നാണ് കൃഷി ഓഫിസറുടെ ഇടപെടലുണ്ടായത്.
അനധികൃത നിർമാണം തടയാൻ പ്രദേശവാസികൾ രംഗത്തെത്തിയപ്പോൾ ഭൂമി തരം മാറ്റിയതു സംബന്ധിച്ചുള്ള രേഖകൾ കാണിച്ച് ഭൂവുടമ നാട്ടുകാരെ പിന്തിരിപ്പിക്കുകയായിരുന്നു.കനത്ത വെള്ളക്കെട്ട് ഭീഷണിയുള്ള കുറ്റിക്കാട് പ്രദേശത്തെ പ്രധാന വയൽ നികത്താനുള്ള ഉത്തരവ് നാട്ടുകാരിൽ ആശങ്കയുണ്ടാക്കി.കഴിഞ്ഞ മഴക്കാലത്തു പ്രദേശത്തെ വീടുകളിലേക്ക് വെള്ളം കയറി കുടുംബങ്ങൾ ദുരിതാശ്വാസ ക്യാംപുകളിലേക്കു മാറിയിരുന്നു. ഇൗ സാഹചര്യം പോലും കണക്കിലെടുക്കാതെ വയൽ തരം മാറ്റി നികത്താൻ കൃഷി ഓഫിസറും വില്ലേജ് ഓഫിസറും റിപ്പോർട്ട് നൽകിയത് ചോദ്യം ചെയ്യപ്പെട്ടതോടെയാണ് കൃഷി ഓഫിസർ വീണ്ടും സംഭവ സ്ഥലത്ത് പരിശോധനയ്ക്ക് എത്തിയത്.
നാട്ടുകാരുടെ സാന്നിധ്യത്തിൽ വീണ്ടും പരിശോധിച്ചപ്പോഴാണ് ഭൂവുടമ തന്നെ വഞ്ചിച്ചുവെന്നും മറ്റൊരു ഭൂമിയാണ് കാണിച്ചതെന്നും കൃഷി ഓഫിസർ തുറന്നു പറഞ്ഞത്. കുട്ടാട് പാടശേഖരം തരം മാറ്റിയെടുത്തത് 66 ദിവസം കൊണ്ടാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം. തരം മാറ്റാനായി പതിനായിരക്കണക്കിന് അപേക്ഷകൾ കെട്ടിക്കിടക്കുമ്പോൾ രണ്ട് മാസം കൊണ്ട് വയൽ ഭൂമി തരം മാറ്റിയെടുത്തിരിക്കുന്നത്.സംഭവത്തിൽ ഉദ്യോഗസ്ഥരുടെ വഴിവിട്ട സഹായമുണ്ടായെന്ന ആരോപണം ശക്തമാണ്. അപേക്ഷ സമർപ്പിച്ച തീയതി മുതലുള്ള കണക്കാണ് 66 ദിവസം.