കുറ്റിപ്പുറം : പേരശ്ശനൂർ-മുക്കിലപ്പീടിക റോഡ് റബ്ബറൈസ് ചെയ്യുന്ന പ്രവൃത്തിക്ക് വേഗംപോരെന്ന് നാട്ടുകാർ. മഴക്കാലവും അധ്യയനവർഷവും ആരംഭിക്കാനിരിക്കെ റോഡ് പുനർനിർമാണം അടിയന്തരമായി പൂർത്തീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 2023 സെപ്റ്റംബറിൽ ആരംഭിച്ച റോഡ് പുനർനിർമാണ 20 മാസം ആയിട്ടും പൂർത്തീകരിക്കാത്തത് ജനങ്ങളെ വലിയ ദുരിതത്തിലാക്കിയിരിക്കുകയാണ്.ഇപ്പോൾ റോഡ് റബ്ബറൈസ് ചെയ്യുന്നതിന് മുന്നോടിയായുള്ള ‘പെഡ് മിക്സ് ‘പരത്തുന്ന പ്രവൃത്തിയാണ് നടക്കുന്നത്. അതിനെത്തുടർന്ന് ഗതാഗതം പൂർണമായും നിർത്തിവെച്ചിരിക്കുകയാണ്.ഗതാഗതം പൂർണമായും നിർത്തിവെച്ചിട്ടും നിർമാണ പ്രവൃത്തികൾ വളരെ മന്ദഗതിയിലാണ് നടക്കുന്നതെന്നാണ് നാട്ടുകാരുടെ പരാതി. ഇത്തരത്തിൽ നിർമാണ പ്രവൃത്തികൾ നടത്തിയാൽ അധ്യയന വർഷവും മഴക്കാലവും ആരംഭിക്കുന്നതിന് മുൻപ് ടാറിങ് പ്രവൃത്തി നടക്കുകയില്ലെന്ന ആശങ്കയിലാണ് ജനങ്ങൾ.

കുറ്റിപ്പുറം, വളാഞ്ചേരി പ്രദേശങ്ങളിൽ നിന്നായി നിരവധി കുട്ടികൾ പേരശ്ശനൂർ ഹയർസെക്കൻഡറി സ്കൂളിൽ പഠിക്കുന്നുണ്ട്. രണ്ടാഴ്ചയ്ക്കകം ആദ്യഘട്ട ടാറിങ് നടത്താൻ ശ്രമിക്കുന്നുണ്ടെന്നാണ് കരാറുകാരൻ പറയുന്നത്. അഞ്ചു കോടി 50 ലക്ഷം രൂപയാണ് പേരശ്ശന്നൂർ മുതൽ മുക്കിലപ്പീടിക വരെയുള്ള 3.15 കിലോമീറ്റർ ദൂരംവരുന്ന ദൂരം റബ്ബറൈസ് ചെയ്യുന്നതിന് ആദ്യം അനുവദിച്ചിരുന്നത്. ജൽജീവൻ മിഷൻ പദ്ധതിയുടെ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് പൊതുമരാമത്ത് വകുപ്പിൽ അടക്കേണ്ട തുക വാട്ടർ അതോറിറ്റി അടക്കാത്തതിനെത്തുടർന്ന് പൈപ്പുകൾ സ്ഥാപിക്കാൻ പൊതുമരാമത്ത് വകുപ്പ് അനുമതി നൽകിയിരുന്നില്ല. ഇതിനെത്തുടർന്ന് പുനർ നിർമാണം മുന്നോട്ട് കൊണ്ടു പോകാൻ കരാറുകാരന് കഴിയാതിരുന്നതിനെത്തുടർന്ന് കരാറുകാരൻ നിർമാണ പ്രവൃത്തിയിൽനിന്നും പിൻവാങ്ങി. 11 കൾവെർട്ടറുകളുടെ നിർമാണം മാത്രമാണ് ആദ്യ കരാറുകാരൻ പൂർത്തിയാക്കിയത്.

പുനർനിർമാണം നിലച്ചതിനെത്തുടർന്ന് കടുത്ത യാത്രാ ദുരിതമാണ് ഇവിടുത്തെ ജനങ്ങൾ മാസങ്ങളായി നേരിട്ടത്. ജനകീയ പ്രതിഷേധങ്ങളെത്തുടർന്നും ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎയുടെ ഇടപെടലുകളുടെയും ഫലമായി കഴിഞ്ഞ ഡിസംബറിലാണ് വീണ്ടും നിർമാണ പ്രവൃത്തികൾക്കുള്ള ടെൻഡർ നടപടികൾ നടന്നത്. 7.66 കോടി രൂപയാണ് പദ്ധതിക്കായി അനുവദിച്ചിട്ടുള്ളത്.ഇതേ റോഡിന്റെ മറ്റൊരു ഭാഗമായ പേരശ്ശന്നൂർ-താലൂക്ക് ആശുപത്രി റോഡിന്റെ നിർമാണം പൂർത്തിയാകാൻ മൂന്നു വർഷത്തോളമാണ് എടുത്തത്. അതേ അവസ്ഥ തന്നെയാണ് പേരശ്ശന്നൂർ -മുക്കിലപ്പീടിക റോഡിന്റെ വിഷയത്തിലും അനുഭവിച്ചു വരുന്ന തെന്നാണ് നാട്ടുകാരുടെ പരാതി.

Related Post

Leave a Reply

Your email address will not be published. Required fields are marked *