പൊന്നാനി: വയൽ നികത്തി ലാഭക്കച്ചവടം നടത്തിയ ഇടനിലക്കാരും കൂട്ടുനിന്ന ഉദ്യോഗസ്ഥരും അറിയണം പ്രളയഭീതിയിൽ പകച്ചിരിക്കുന്ന കുടുംബങ്ങളുടെ വേദനയുടെ ആഴം. മഴത്തുള്ളി എണ്ണിയിരിക്കുന്ന നൂറുകണക്കിനു കുടുംബങ്ങളുണ്ട് ഇൗ തീരപ്രദേശത്ത്. ഏതുനിമിഷവും വീടുവിട്ടിറങ്ങാൻ പെട്ടിയും കിടക്കയും മടക്കിവച്ച് തയാറെടുത്തിരിക്കുന്നവർ. ഇവരുടെ സ്വപ്നങ്ങൾക്കു മുകളിലാണ്, ഉദ്യോഗസ്ഥരുടെ ഒത്താശയോടെ മണ്ണു നികത്തിയത്. ചെറിയൊരു മഴയിൽതന്നെ പ്രളയമുണ്ടാകുന്ന അവസ്ഥയുണ്ട് ഇപ്പോൾ.

നികത്തിയ മണ്ണിനടിയിൽ ഒട്ടേറെ നീർച്ചാലുകളും തോടുകളുമുണ്ടായിരുന്നു. കോടികൾ ചെലവഴിച്ച് ആറുവരിപ്പാത മാത്രമാണു നിർമിക്കുന്നത്. മഴവെള്ളം ഒഴുക്കിവിടാനുള്ള മതിയായ സംവിധാനങ്ങൾ ഇതിന്റെ ഭാഗമായി ഉണ്ടായിട്ടില്ല. എല്ലാം തദ്ദേശസ്ഥാപനങ്ങളുടെ തലയിലാണ്. നിർമാണത്തിന്റെ രൂപവും രീതിയുമറിയാതെ തദ്ദേശസ്ഥാപനങ്ങളും കൈമലർത്തി നിൽക്കുന്നു. ഇൗ സാഹചര്യം നിലനിൽക്കുന്നതിനിടയിലാണു വയൽപ്രദേശങ്ങളിലും പുഴയോരങ്ങളിലും കണ്ണുംപൂട്ടിയുള്ള നികത്തൽ നടന്നത്.

പ്രധാന നീർച്ചാലുകൾ നഷ്ടപ്പെട്ട് പൊന്നാനി:ആറുവരിപ്പാത നിർമാണത്തിന്റെ ഭാഗമായി അഞ്ചു പ്രധാന നീർച്ചാലുകളാണു പൊന്നാനി നഗരസഭയിൽ മാത്രം നഷ്ടമായത്. ചമ്രവട്ടം ജംക്‌ഷൻ, ബാർലിക്കുളം, ഉൗരത്തറ മേഖല, കണ്ടകുറുമ്പക്കാവ്, ആനപ്പടി തുടങ്ങിയ ഭാഗങ്ങളിൽ മഴവെള്ളം ഒഴുകിപ്പോയിരുന്ന പ്രധാന നീർച്ചാലുകൾ ഇപ്പോഴില്ല. മഴ ശക്തമായാൽ ആനപ്പടി സ്കൂളും പൊലീസ് സ്റ്റേഷനുമൊക്കെ വെള്ളത്തിലാണ്. ചമ്രവട്ടം ജംക്‌ഷനിൽ താൽക്കാലിക സൗകര്യം ഒരുക്കിയിട്ടുണ്ടെങ്കിലും ശാശ്വതമല്ല. മഴ ശക്തമായാൽ കനത്ത വെള്ളക്കെട്ട് രൂപപ്പെടുമെന്നു പ്രദേശവാസികൾ ഉറപ്പിച്ചുപറയുന്നു.

ഇൗ സാഹചര്യം നിലനിൽക്കുമ്പോഴാണ്, നിർമാണത്തിന്റെ മറവിൽ അനധികൃത നികത്തലുകളുണ്ടായത്. കഴിഞ്ഞ മഴക്കാലത്തുണ്ടായിരുന്ന വയൽപ്രദേശങ്ങൾ ഇൗ മഴക്കാലത്തില്ല. ഓരോ വർഷവും വയലും പുഴയോരവും ചുരുങ്ങിവരുന്നു. വെള്ളക്കെട്ട് രൂപപ്പെടുമെന്ന് ഉറപ്പുള്ള വയൽപ്രദേശങ്ങൾ പോലും തരംമാറ്റി നൽകാൻ റവന്യു–കൃഷി വകുപ്പ് ഉദ്യോഗസ്ഥർക്കു ധൈര്യമുണ്ടായി. നാട്ടുകാരുടെ പ്രതിഷേധത്തെ മറികടന്നാണ് ഉദ്യോഗസ്ഥർ ഫയലിൽ ഒപ്പുവയ്ക്കുന്നത്. നികത്തിയ വയലിലേക്കും തരം മാറ്റപ്പെട്ട ഭൂമിയിലേക്കും അന്വേഷണവുമായി ആരും വരുന്നില്ലെന്ന ധൈര്യമാണ് ഉദ്യോഗസ്ഥർക്ക്.

മണ്ണ് മറിച്ചുവിൽക്കുന്നുവെന്ന് ആരോപണം:ആറുവരിപ്പാതയ്ക്കായി ജില്ലയിലെ കുന്നുകൾ ഇടിച്ച് എടുക്കുന്ന മണ്ണ് കരാറുകാർ മറിച്ചുവിൽക്കുന്നുവെന്ന് ആരോപണം. അനധികൃത നികത്തലിനിടയിൽ പിടിച്ചെടുത്ത, കരാറുകാരുടെ ലോറിയിലെ മണ്ണ് കുന്നിടിച്ച് എടുത്തതാണെന്നാണു പരാതി. പൊന്നാനി താലൂക്ക് ഓഫിസിൽ പിടിച്ചിട്ട, കരാറുകാരായ കെഎൻആർസിഎലിന്റെ ലോറിയിലുള്ള മണ്ണ് പരിശോധിക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു. ആറുവരിപ്പാത നിർമാണത്തിനെന്ന പേരിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിലെ പ്രധാന കുന്നുകളെല്ലാം ഇടിച്ചുനിരത്തിയാണു മണ്ണ് എടുത്തുകൊണ്ടിരിക്കുന്നത്.

നിർമാണത്തിന്റെ മറവിൽ നികത്തിയ വയൽഭൂമികളിലെ മണ്ണ് പരിശോധിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. ലോഡിന് 5000 രൂപ വരെ വില ഉറപ്പിച്ചാണു നികത്തി നൽകുന്നത്. നിർമാണത്തിനു യോജ്യമല്ലാത്തതും റോഡിൽനിന്നു വാരിയെടുക്കുന്ന, മാലിന്യം നിറഞ്ഞതുമായ മണ്ണാണു പാതയോരത്തെ ഭൂമികളിൽ തള്ളിയതെന്നായിരുന്നു, നികത്തൽ ചോദ്യം ചെയ്യപ്പെട്ടപ്പോൾ കരാറുകാരുടെ മറുപടി.

അഴുക്കുചാലിന് പകരം നടപ്പാത:ആറുവരിപ്പാതയുടെ സർവീസ് റോഡിനോടു ചേർന്ന് അഴുക്കുചാൽ നിർമിക്കേണ്ട ഭാഗങ്ങളിൽ നടപ്പാതയാണു നിർമിച്ചുവച്ചിരിക്കുന്നത്. പൂട്ടുകട്ട വിരിച്ചുള്ള ഇൗ നടപ്പാതകൾ പലയിടത്തും തകർന്നുതുടങ്ങി. മഴവെള്ളം ഒഴുക്കിവിടാൻ പേരിനു കലുങ്ക് നിർമിച്ചിട്ട ഭാഗങ്ങളിൽ അനുബന്ധ സംവിധാനങ്ങളുണ്ടായിട്ടില്ല. സമീപത്തെ വീടുകളിലേക്കു മഴവെള്ളം ഇരച്ചുകയറുന്ന അവസ്ഥയുണ്ട്.

ആറുവരിപ്പാതയ്ക്കു സമീപത്തു പുതിയ അഴുക്കുചാൽ സംവിധാനങ്ങൾ നിർമിക്കേണ്ടതുണ്ട്. ഇത്തരം സംവിധാനങ്ങളിലേക്കൊന്നും ദേശീയപാതാ അതോറിറ്റിയും തദ്ദേശ സ്ഥാപനങ്ങളും ഗൗരവമായി കടന്നിട്ടില്ല. വെള്ളക്കെട്ടുണ്ടാകുമ്പോൾ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു താൽക്കാലികമായി വെള്ളം ഒഴുക്കിവിടുമെന്നല്ലാതെ സ്ഥിരം സംവിധാനങ്ങളിലേക്കു കടക്കാൻ ഇതുവരെയും കഴിഞ്ഞിട്ടില്ല.

നികത്തിയ വയലുകളിൽനിന്ന് അടിയന്തരമായി മണ്ണ് തിരിച്ചെടുക്കണം. നികത്താൻ കൂട്ടുനിന്ന ദേശീയപാതാ അതോറിറ്റി ഉദ്യോഗസ്ഥർക്കും കരാറുകാർക്കും ബന്ധപ്പെട്ട കൃഷി–റവന്യു ഉദ്യോഗസ്ഥർക്കുമെതിരെ നടപടി ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്കു പരാതി നൽകും. പൊന്നാനിയുടെ നെല്ലറയും മഴവെള്ള സംവിധാനങ്ങളും തകർത്താണു നികത്തൽ നടന്നിരിക്കുന്നത്. സംഭവത്തിൽ കൃത്യമായ അന്വേഷണവും പരിഹാര നടപടിയും ഉണ്ടാകണം. 

നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയവർക്കും കൂട്ടുനിന്നവർക്കും എതിരെ അന്വേഷണം നടത്തി കർശന ശിക്ഷാനടപടി സ്വീകരിക്കണം. ഇതുസംബന്ധിച്ചു ബന്ധപ്പെട്ട വകുപ്പ് മേധാവികൾക്കു പരാതി നൽകും. 

Related Post

Leave a Reply

Your email address will not be published. Required fields are marked *