കുറ്റിപ്പുറം : നൂറ്റാണ്ടിന്റെ ചരിത്രമുള്ള ബംഗ്ലാംകുന്ന് പ്രകൃതി സ്നേഹികൾക്കു നഷ്ടപ്പെടുന്നു. കുന്നിൻ താഴ്‌വാരത്തിലെ മണ്ണെടുപ്പ് കുന്നിന്റെ സൗന്ദര്യത്തെ പൂർണമായും നശിപ്പിച്ച അവസ്ഥയിലാണ്. കുന്നിൻമുകളിൽ നിന്നുള്ള നിളയിലേക്കുള്ള ദൃശ്യവും താഴെ ദേശീയപാത വഴി കടന്നുപോകുന്ന വാഹനങ്ങളും റെയിൽപ്പാളത്തിലൂടെ കടന്നുപോകുന്ന ട്രെയിനുകളും വിസ്മയക്കാഴ്ചകളാണ്. ആറുവരിപ്പാതയുടെ നിർമാണത്തിനായി കുന്നിടിച്ചു മണ്ണെടുത്തതാണു കുന്നിന്റെ പതനത്തിനു കാരണമായത്.
30 വർഷം മുൻപ് അന്നത്തെ ദേശീയപാത ബംഗ്ലാംകുന്നിന്റെ പടിഞ്ഞാറേ ചെരിവിലൂടെ മാറ്റിയപ്പോൾ തന്നെ കുന്നിന്റെ പതനം ആരംഭിച്ചിരുന്നു. ആശുപത്രിപ്പടിയിൽ നിന്ന് കുറ്റിപ്പുറം പഴയ റെയിൽവേ ഗേറ്റ് വഴിയുള്ള റോഡാണ് റെയിൽവേ ലൈനിന് ഓവർബ്രിജ് നിർമിച്ച് ഗതിമാറ്റിയത്. അതിനുശേഷം ആറുവരിപ്പാതയ്ക്കു സ്ഥലം വിട്ടു കൊടുക്കാൻ ബന്ധപ്പെട്ടവരുടെ നിർദേശം വന്നപ്പോഴും കുന്ന് ഇത്രമാത്രം ഇടിച്ചു നീക്കുമെന്ന് പ്രദേശവാസികൾ കരുതിയില്ല.
ആദ്യവട്ടം കുന്നിടിക്കൽ പൂർത്തിയായപ്പോൾ മേൽഭാഗത്തെ 6 വീടുകൾ വിള്ളൽ വന്ന് നാശാവസ്ഥയിലായി. വ്യാപക പരാതി ഉയർന്നതോടെ കരാർ കമ്പനി നഷ്ടപരിഹാരം കൊടുത്ത് കുന്നിന്റെ ഒരുഭാഗം സ്വന്തമാക്കി. അതിനുശേഷം ബാക്കിയുള്ള ഭാഗവും ഇടിച്ചതോടെ കുന്ന് പൂർണമായും നാശാവസ്ഥയിലായത്. അര ഏക്കറോളം ഭൂമി മണ്ണ് തുരന്നെടുത്ത നിലയിലാണ്. നിലവിൽ താഴ്‌വാരം മണ്ണെടുത്ത കുന്നിനു മുകളിലും വീടുകൾ ഭീഷണി നേരിടുകയാണ്. കുറ്റിപ്പുറം പഞ്ചായത്തിലെ 15–ാം വാർഡിലാണ് ബംഗ്ലാംകുന്ന്. നൂറോളം കുടുംബങ്ങൾ താമസിക്കുന്നുണ്ട്.