എടപ്പാൾ : കൃഷിയിടങ്ങളിലെ പരാക്രമത്തിനു പിന്നാലെ കാട്ടുപന്നികൾ വീടുകളും ആക്രമിക്കുന്നു.മൂതൂർ തപാൽ ഓഫീസിലെ മുൻ പോസ്റ്റ്മാനായിരുന്ന കവപ്ര അക്കരമാടമ്പത്ത് ഗോവിന്ദക്കുറുപ്പിന്റെ വീടിന്റെ വരാന്തയാണ് ശനിയാഴ്ച രാത്രി കൂട്ടമായെത്തിയ പന്നികൾ മാന്തിപ്പൊളിച്ചത്.സിമന്റിൽ കെട്ടിയുണ്ടാക്കിയിരുന്ന വീടിന്റെ തറയോടു ചേന്നുള്ള വരാന്ത കണ്ടാൽ മനസ്സിലാക്കാത്തവിധം ട്രാക്ടർവെച്ച് പൂട്ടിയപോലെ കുത്തി മറിച്ചിട്ടിരിക്കുകയാണ്. വരാന്ത കഴിഞ്ഞാൽ ഇനി വീടിന്റെ തറയും ഇവ പൊളിക്കുമോയെന്ന ആശങ്കയിലാണ് കുടുംബം. പ്രദേശത്തെ നെൽ, വാഴ, കപ്പ, ചേമ്പ്, ചേന തുടങ്ങിയ കൃഷികളെല്ലാം പന്നി ക്കൂട്ടമിറങ്ങി നശിപ്പിക്കുന്നതിനാൽ കർഷകർ കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ്.