തിരൂർ : അക്ഷരമുറ്റത്ത് തിങ്കളാഴ്ചപ്രവേശനോത്സവം. പുതിയ അധ്യയനവർഷത്തിലേക്ക് കുരുന്നുകളെ വരവേൽക്കുന്നതിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. അക്ഷരമധുരം നുണയാനെത്തുന്ന നവാഗതർക്ക് സ്വാഗതമോതാൻ കുരുത്തോലകളും ബലൂണുകളും തൂക്കി വിദ്യാലയങ്ങൾ അണിഞ്ഞൊരുങ്ങി. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാരുടെ നേതൃത്വത്തിൽ എല്ലാ വിദ്യാലയങ്ങളും സന്ദർശിച്ച് പ്രവേശനോത്സവ മുന്നൊരുക്ക പ്രവർത്തനങ്ങൾ അവലോകനം നടത്തിയിരുന്നു. ആരോഗ്യവകുപ്പ് ജീവനക്കാരും വിദ്യാലയങ്ങൾ പരിശോധിച്ചു.
തിരൂർ എൻഎസ്എസ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൽ പ്രവേശനോത്സവം ഗംഭീരമാക്കാൻ സ്കൂൾ അഡ്മിനിസ്ട്രേറ്റർ മുൻ ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ കെ.പി. രമേശ് കുമാറിന്‍റെയും പ്രഥമാധ്യാപിക പി.എം. ബീനയുടെയും എൻഎസ്എസ് കരയോഗം ഭാരവാഹികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിൽ ഒരുക്കങ്ങൾ പൂർത്തിയാക്കി. പ്രവേശനോത്സവദിനത്തിൽ പറവണ്ണ സലഫി സ്കൂൾ അധ്യാപകർ നവാഗതർക്കായി അക്ഷരത്തൊപ്പിയും സമ്മാനപ്പൊതിയും ഒരുക്കിയിട്ടുണ്ട്.