കുറ്റിപ്പുറം : മൂടാൽ-കഞ്ഞിപ്പുര ബൈപ്പാസ് റോഡിന്റെ മൂന്നാംഘട്ട പുനർനിർമാണം തിങ്കളാഴ്ചയോടെ പൂർത്തിയാകും. അവശേഷിക്കുന്ന 400 മീറ്റർ ദൂരം പുനർനിർമാണം നാലാംഘട്ടത്തിൽ നടക്കും. അമ്പലപ്പറമ്പ് മുതൽ സബ് സ്റ്റേഷൻ വരെയുള്ള 400 മീറ്റർ ദൂരം റോഡ് മണ്ണിട്ട് ഉയർത്തേണ്ടതുണ്ട്. മഴ തുടങ്ങിയത് മണ്ണെടുപ്പിന് തടസ്സമായതിനാലാണ് അത്രയുംഭാഗം നാലാംഘട്ടത്തിലേക്കു മാറ്റിയത്. മൂന്നാംഘട്ട പുനർനിർമാണം പൂർത്തിയായാൽ ഇതുവഴി വാഹനയാത്ര തുടരാം. അമ്പലപ്പറമ്പ് മുതൽ സബ്സ്റ്റേഷൻ വരെ മണ്ണിട്ട് ഉയർത്തേണ്ട ഭാഗത്തിനു തൊട്ടടുത്തായുള്ള പഴയ റോഡു വഴി വാഹനങ്ങൾക്ക് സുഖമായി യാത്ര ചെയ്യാം.

12 വർഷമായി മൂടാൽ-കഞ്ഞിപ്പുര ബൈപ്പാസ് റോഡിന്റെ പുനർനിർമാണം തുടങ്ങിയിട്ട്. ചുങ്കംമുതൽ മൂടാൽവരെയുള്ള 1.71 കി മീറ്ററും കഞ്ഞിപ്പുര മുതൽ അമ്പലപ്പറമ്പ് വരെയുള്ള 2.5 കി.മീ ദൂരവും നിരന്തര ജനകീയ സമരങ്ങളെത്തുടർന്ന് കഴിഞ്ഞ രണ്ടു വർഷം കൊണ്ടാണ് പുനർനിർമാണം നടത്തിയത്. മൂന്നാംഘട്ടത്തിൽ റോഡിന്റെ നടുഭാഗമായ അമ്പലപ്പറമ്പ് മുതൽ ചുങ്കം വരെയുള്ള 1.7. കി.മീറ്റർ ദൂരം പുനർനിർമാണ പ്രവൃത്തികൾ കഴിഞ്ഞ ഒക്ടോബറിൽ ആരംഭിച്ചെങ്കിലും വളരെ മന്ദഗതിയിലായിരുന്നു നടന്നിരുന്നത്.

നിർമാണ പ്രവർത്തനങ്ങൾ മാസങ്ങൾ പിന്നിട്ടുകഴിഞ്ഞിട്ടും എങ്ങും എത്താത്തതിനെത്തുടർന്ന് ജനകീയ ആക്‌ഷൻ കമ്മിറ്റി സമര രംഗത്തേക്കിറങ്ങുമെന്ന് പ്രഖ്യാപിച്ചതിനെത്തുടർന്നാണ് മേയ് അവസാനത്തോടെ പുനർനിർമാണ പ്രവർത്തനങ്ങൾ വീണ്ടും സജീവമായത്. ആറു കിലോമീറ്റ റോളം ദൂരം റോഡ് പുനർനിർമാണത്തിന് വിവിധ ഘട്ടങ്ങളിലായി 33 കോടി രൂപയാണ് പൊതുമരാമത്ത് വകുപ്പ് അനുവദിച്ചിരിക്കുന്നത്.അവസാനഘട്ടത്തിൽ അനുവദിച്ച അഞ്ചു കോടി രൂപ ഫണ്ടിൽനിന്നു തന്നെയാണ് നാലാംഘട്ട നിർമാണവും നടക്കേണ്ടത്.

ഏറ്റെടുത്ത ഭൂമികൾക്ക് അതിർത്തി നിർണയം നടത്താതെ പിഡബ്ള്യുഡി:മൂടാൽ-കഞ്ഞിപ്പുര ബൈപ്പാസ് റോഡ് നിർമാണത്തിന് നഷ്ടപരിഹാരത്തുക നൽകി ഏറ്റെടുത്ത ഭൂമികൾക്ക് പിഡബ്ള്യുഡി ഏഴു വർഷം കഴിഞ്ഞിട്ടും പലയിടത്തും അതിർത്തി നിർണയം നടത്താത്തത് പ്രതിഷേധത്തിന് ഇടയാക്കുന്നു. ഏഴു വർഷങ്ങൾക്കു മുൻപാണ് കഞ്ഞിപ്പുര -മൂടാൽ ബൈപാസ് റോഡിന്റെ വീതി വർധിപ്പിക്കുന്നതിനായി പിഡബ്ള്യുഡി നഷ്ടപരിഹാരത്തുകനൽകി സ്ഥലങ്ങൾ ഏറ്റെടുത്തത്.ചുങ്കം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഏറ്റെടുത്ത ഭൂമികൾക്കും കെട്ടിടങ്ങൾക്കും അതിർത്തിനിർണയം ഇതുവരേയും നടന്നിട്ടില്ല.

നഷ്ടപരിഹാരത്തുക കൈപ്പറ്റി ഭൂമി വിട്ടു നൽകിയവർ തന്നെയാണ് നിലവിൽ ആ ഭൂമികളും കെട്ടിടങ്ങളും കൈവശം വെച്ചുകൊണ്ടിരിക്കുന്നത്. ഏറ്റെടുത്ത ഭൂമികളുടെയും കെട്ടിടങ്ങളുടെയും അതിർത്തികൾ രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ജനകീയ ആക്‌ഷൻ കമ്മിറ്റി പലതവണ പിഡബ്ള്യുഡി ഉദ്യോഗസ്ഥർക്ക് പരാതികൾ നൽകിയിട്ടും ഇതുവരേയും അതിർത്തിനിർണയം നടത്താൻ അധികൃതർ തയ്യാറായിട്ടില്ല.

Related Post

Leave a Reply

Your email address will not be published. Required fields are marked *