തിരൂർ : ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശവുമായി നാടെങ്ങും ഇസ്‌ലാം മതവിശ്വാസികൾ ബലിപെരുന്നാൾ ആഘോഷിച്ചു.പള്ളികളിലും ഈദ് ഗാഹുകളിലും പെരുന്നാൾ നമസ്കാരം നടന്നു. തിരൂർ സംയുക്ത ഈദ് ഗാഹ് കമ്മിറ്റി എംഇഎസ് സെൻട്രൽ സ്കൂളിൽ സംഘടിപ്പിച്ച ഈദ് ഗാഹിന് ഐഎസ്എം സംസ്ഥാന വൈസ് പ്രസിഡൻറ് റിഹാസ് പുലാമന്തോൾ നേതൃത്വം നൽകി. വിവിധ ദേശങ്ങളിൽനിന്ന് പ്രാർഥനക്കായി നിരവധി വിശ്വാസികളെത്തി.തിരൂർ താഴേപ്പാലത്ത് സ്റ്റേഡിയം ഗ്രൗണ്ടിനു സമീപം നടന്ന ഈദ്ഗാഹിന് വിസ്ഡം ഇസ്‌ലാമിക് യൂത്ത് ഓർഗനൈസേഷൻ സംസ്ഥാന വൈസ് പ്രസിഡൻറും തിരൂർ മസ്ജിദ് അൽ ഹിക്മ ഖത്തീബുമായ മൗലവി ഹാരിസ് കായക്കൊടി നേതൃത്വം നൽകി.സാമൂഹിക ജീർണതക്കും അനീതിക്കുമെതിരേ ശബ്ദിക്കാനുള്ള പ്രചോദനമാണ് ബലിപെരുന്നാൾ വിശ്വാസി സമൂഹത്തിന് പകർന്നുനൽകുന്നത്.
തിന്മകളോട് പ്രതികരിക്കാതിരിക്കുകയും നന്മയ്ക്ക് വേണ്ടി പ്രവർത്തിക്കാതിരിക്കുകയും ചെയ്യുകയെന്നത് വിശ്വാസി സമൂഹത്തിന് ഭൂഷണമല്ലെന്നും മൗലവി ഹാരിസ് കായക്കൊടി പറഞ്ഞു.മുസ്‌ലിംലീഗ് പെരുന്നാൾ കിറ്റ് വിതരണം ചെയ്തു.തൃക്കണ്ടിയൂർ മുസ്‌ലിംലീഗ് കമ്മിറ്റിയുടെ കീഴിലുള്ള ശിഹാബ് തങ്ങൾ റിലീഫ് സെല്ലിന്റെ നേതൃത്വത്തിൽ തൃക്കണ്ടിയൂർ പ്രദേശത്തെ 60 കുടുംബങ്ങൾക്ക് ഈദ് ഭക്ഷണക്കിറ്റുകൾ വിതരണം ചെയ്തു. നഗരസഭാ മരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ കെ.കെ. അബ്ദുസലാം വിതരണോദ്ഘാടനം നിർവഹിച്ചു. വെള്ളത്തൂർ ബീരാൻ അധ്യക്ഷത വഹിച്ചു. കെ.കെ. അബ്ദുൽ റഷീദ്, ടി.കെ. മുസ്തഫ, മുള്ളത്ത് സെയ്തുഹമ്മദ്, റഫീഖ് ചേനാത്ത്, കെ.കെ. ഷാഹിദ്, പി. റിഹാൻ, കെ. അമാൻ, കെ.കെ. അർഷദ് അമീൻ, അസ്‌ലം പഴയകത്ത്, കെ.കെ. റമീസ് എന്നിവർ വിതരണത്തിന് നേതൃത്വം നൽകി.