പൊന്നാനി : റംസാൻ നാളുകളിലെ പൊന്നാനിയുടെ നോമ്പോർമ്മകൾ കോർത്തിണക്കി പുറത്തിറക്കുന്ന ‘നവയ്ത്തു’ പുസ്തകം ഓഗസ്റ്റിൽ വായനക്കാരുടെ കൈകളിലെത്തും. തൗദാരം പൊന്നാനി കൂട്ടായ്മയാണ് നോമ്പോർമ്മകളുടെ നവയ്ത്തു പുസ്തകം പുറത്തിറക്കുന്നത്. നവയ്ത്തു എന്നു പേരിട്ടിരിക്കുന്ന പുസ്തകത്തിൽ പൊന്നാനിയുടെ പഴയകാല റംസാൻ-പെരുന്നാൾ ആഘോഷങ്ങളോടു ബന്ധപ്പെട്ട ഓർമക്കുറിപ്പുകളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്.അറുപത് പേരുകൾ നിർദേശിക്കപ്പെട്ടതിൽനിന്ന് എഴുത്തുകാരൻ ഇബ്രാഹിം പൊന്നാനി നിർദേശിച്ച നവയ്ത്തു എന്ന പേരാണ് പുസ്തകത്തിനു സ്വീകരിച്ചത്.
പുസ്തകത്തിന്റെ പേര് പ്രസിദ്ധീകരിക്കുന്ന ചടങ്ങ് പൊന്നാനി നഗരസഭാ കൗൺസിലർ ഫർഹാൻ ബിയ്യം ഉദ്ഘാടനം ചെയ്തു. തൗദാരം കൂട്ടായ്മയുടെ സ്ഥാപകൻ ഇബ്രാഹിം മാളിയേക്കൽ അധ്യക്ഷത വഹിച്ചു. പ്രവാസി വ്യവസായി സുബൈർ സഫാസ് മുഖ്യാതിഥിയായിരുന്നു. പുസ്തകത്തിന്റെ കവർ ജൂലായ് മാസത്തിൽ പ്രമുഖരുടെ നവമാധ്യമങ്ങളിലൂടെ പ്രകാശനം ചെയ്യും.കാലിഗ്രഫി ആർട്ടിസ്റ്റ് നാരായണ ഭട്ടതിരിയാണ് ടൈറ്റിൽ ഡിസൈൻ ചെയ്‍തത്.
വാർഡ് കൗൺസിലർ ഷബീറാബി, നവയ്ത്തു ചീഫ് എഡിറ്റർ കെ. ഇമ്പിച്ചിക്കോയ, സബ് എഡിറ്റർ കെ.വി. നദീർ, കവി ഇബ്രാഹിം പൊന്നാനി, എഡിറ്റർ ബോർഡ് അംഗം യു.കെ. കബീർ, ആർട്ട് എഡിറ്റർ താജ് ബക്കർ എന്നിവർ പ്രസംഗിച്ചു. ഇതിന്റെ ഭാഗമായുള്ള സാംസ്കാരിക ഘോഷയാത്രയ്ക്ക് എൻ. ഫസലുറഹ്‌മാൻ, ടി. ഷാഹുൽ ഹമീദ്, സി.സി. മൂസ, കെ.എം. അബ്ദുറഹ്‌മാൻ, പി.പി. നിസാർ, യു. അമാനുള്ള, എ.യു. ശറഫുദ്ദീൻ, പി.വി. റിയാസ് തുടങ്ങിയവർ നേതൃത്വം നൽകി.