പൊന്നാനി : സ്വാതന്ത്ര്യസമരസേനാനിയുടെ സ്തൂപത്തിനു മുന്നിൽ റോഡ് അവശിഷ്ടങ്ങൾ കൂട്ടിയിട്ടതായി പരാതി.
സ്വാതന്ത്ര്യസമരസേനാനി കെ.വി. നൂറുദ്ദീന്റെ കോടതിപ്പടിയിലെ സ്മാരകത്തിനു മുന്നിലാണ് റോഡ് പുനർനിർമ്മാണത്തിന്റെ ഭാഗമായി പൊളിച്ച അവശിഷ്ടങ്ങൾ കൂട്ടിയിട്ടിരിക്കുന്നത്. പഴയ റോഡ് കുത്തിപ്പൊളിച്ച് പുതിയ റോഡ് നിർമ്മിക്കുന്നതിനുവേണ്ടി പൊളിച്ച അവശിഷ്ടങ്ങളാണ് ഇവിടെ കൂട്ടിയിട്ടത്.
1992-ൽ റവന്യൂ വകുപ്പ് പതിച്ചുനൽകിയ സ്ഥലത്ത് നിർമ്മിച്ച സ്തൂപത്തിനു മുന്നിൽ അവശിഷ്ടങ്ങൾ തള്ളിയതുമൂലം സ്വാതന്ത്ര്യസമരസേനാനിയെ അവഗണിക്കുകയാണ് നഗരസഭ ചെയ്തതെന്ന് കോൺഗ്രസ് നേതാക്കൾ കുറ്റപ്പെടുത്തി. ഇതിനെതിരേ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്നും പറഞ്ഞു.
റോഡ് പുനർനിർമ്മാണം നടത്തുന്ന കരാറുകാരന്റെ ശ്രദ്ധക്കുറവ് കാരണമാണ് ഇങ്ങനെ സംഭവിച്ചതെന്നും സ്തൂപത്തിനു മുന്നിലെ റോഡ് അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ നിർദേശിച്ചിട്ടുണ്ടെന്നും നഗരസഭാ അധ്യക്ഷൻ ശിവദാസ് ആറ്റുപുറം പറഞ്ഞു.