കുറ്റിപ്പുറം : കോഴിക്കോട്ട് ഏഴുവയസ്സുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതിനിടയിൽ നാട്ടുകാർ െെകയോടെ പിടികൂടി പോലീസിൽ ഏൽപ്പിച്ച നാടോടി ദമ്പതിമാർ രാങ്ങാട്ടൂർ പള്ളിപ്പടിയിൽ എത്തിയത് നാട്ടുകാരെ പരിഭ്രാന്തിയിലാക്കി. ഒരുമാസം മുൻപ് കോഴിക്കോട് ബീച്ച് പുതിയ കടവിൽനിന്ന് ഏഴുവയസ്സുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതിനിടയിൽ നാട്ടുകാർ പിടികൂടിയ മംഗലാപുരം സ്വദേശികളായ ശ്രീനിവാസനെയും ലക്ഷ്മിയെയുമാണ് ഞായറാഴ്ച രാങ്ങാട്ടൂർ പള്ളിപ്പടിയിൽനിന്ന് നാട്ടുകാർ കണ്ടെത്തിയത്. സംശയംതോന്നി നാട്ടുകാർ ഇവരെ ചോദ്യംചെയ്തപ്പോഴാണ് പ്രതികളെ തിരിച്ചറിഞ്ഞത്. പിന്നീട് നാട്ടുകാർ രണ്ടുപേരെയും സ്ഥലത്തുനിന്ന് താക്കീതുനൽകി പറഞ്ഞയച്ചെങ്കിലും വീണ്ടും കുട്ടികളെ തട്ടിക്കൊണ്ടു പോകാനായി എത്തിയതാകാം എന്ന സംശയം നാട്ടുകാരിൽ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.