എടപ്പാൾ : പ്രതാപ കാലത്ത് മാസം 25 ബസുകൾ വരെ പുറത്തിറക്കിയിരുന്ന കണ്ടനകം കെഎസ്ആർടിസി റീജനൽ വർക്‌ഷോപ്പിന് ഇന്ന് ശനിദശയാണ്. സംസ്ഥാന പാതയോരത്ത് വർക്‌ഷോപ്പിന്റെ 54 ഏക്കർ സ്ഥലത്തിൽ 25 ഏക്കർ ഐഡിടിആറിന് നൽകി. 10 സെന്റ് കാലടി പോസ്റ്റ് ഓഫിസിന് കെട്ടിടം നിർമിക്കാനും നൽകി. ശേഷിക്കുന്ന സ്ഥലം ഉപയോഗിച്ച് നഷ്ടത്തി ലോടുന്ന കെഎസ്ആർടിസിയെ കരയ്ക്ക് കയറ്റാൻ ഒട്ടേറെ പദ്ധതികൾ വിഭാവനം ചെയ്യാമെന്നി രിക്കെ അധികൃതരുടെ നിസ്സംഗത മൂലം ഈ സ്ഥാപനം ഇന്ന് നാശത്തിന്റെ വക്കിലാണ്.
ബസുകളുടെ അറ്റകുറ്റപ്പണിയും ടയർ റീസോളിങും മാത്രമായി ഈ സ്ഥാപനത്തെ ഒതുക്കിയാൽ മതിയോ…കെഎസ്ആർടിസിയെ രക്ഷിക്കാൻ ഓടി നടക്കുന്ന മന്ത്രി കെ.ബി.ഗണേഷ് കുമാർ ഇതുവല്ലതും അറിയുന്നുണ്ടോ…അതോ അറിഞ്ഞിട്ടും അറിയാത്ത ഭാവം നടിക്കുകയാണോ….ഇന്ന് മന്ത്രി ഐഡിടിആറിലെ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യാനായി എത്തുമ്പോൾ ചില കാര്യങ്ങൾ അദ്ദേഹത്തിന്റെ ശദ്ധയിൽപ്പെടുത്തുന്നു.
അടച്ചുപൂട്ടിയ ബോഡി ബിൽഡിങ് യൂണിറ്റ്
നല്ല നിലയിൽ പ്രവർത്തിച്ചിരുനതാണ് ഇവിടുത്തെ ബോഡി ബിൽഡിങ് യൂണിറ്റ്. മാസം 25 ബസുകൾ വരെ നിർമിച്ചിരുന്ന ഈ യൂണിറ്റ് അടച്ചുപൂട്ടി. എന്നാൽ സാങ്കേതിക കാരണങ്ങളുടെ പേരിൽ ഇതിന്റെ പ്രവർത്തനം നിർത്തിവയ്ക്കുകയായിരുന്നു. പലരെയും പിരിച്ചുവിട്ടു. സ്ഥിരം ജോലിക്കാരെ മറ്റിടങ്ങളിലേക്ക് മാറ്റി. സ്ഥലവും കെട്ടിടവും മറ്റു സൗകര്യങ്ങളുമെല്ലാം ഉണ്ടെന്നിരിക്കെ ഇത് നിർത്തലാക്കിയത് എന്തിനെന്ന ചോദ്യം ഇപ്പോഴും ബാക്കിയാണ്.
പൂട്ടുകട്ട വിരിക്കൽ പാതിവഴിയിൽ
ബസ് ഓപ്പറേറ്റിങ് സെന്ററിന് മുൻവശത്തെ പാർക്കിങ് ഗ്രൗണ്ട് പൂട്ടുകട്ട വിരിച്ച് ഉപയോഗ പ്രദമാക്കാനായി എംഎൽഎ ഫണ്ടിൽ നിന്ന് തുക വകയിരുത്തി ജോലികൾ ആരംഭി ച്ചെങ്കിലും ഇതും പാതിവഴിയിൽ നിലച്ചു. പൂട്ടുകട്ടയും മെറ്റലും ഉൾപ്പെടെയുള്ള അസംസ്കൃത വസ്തുക്കൾ എത്തിച്ച് ജോലി ആരംഭിച്ചെങ്കിലും ഈ ഭാഗത്ത് തടസ്സമായി നിന്നിരുന്ന ഏതാനും മരങ്ങൾ മുറിക്കണമെന്ന് ജോലിക്കാർ ആവശ്യപ്പെട്ടു. ഇതിന് ഇനിയും അനുമതി ലഭിച്ചിട്ടില.
ചോർന്നൊലിക്കുന്ന ക്വാർട്ടേഴ്സുകൾ
ജീവനക്കാരുടെ ക്വാർട്ടേഴ്സുകൾ ചോർന്നൊലിച്ച് ഉപയോഗ ശൂന്യമായി. സമീപത്ത് കാടുമൂടി ഇഴജന്തുക്കൾ വിഹരിക്കുന്നതും പേടിസ്വപ്നമാണ്. ഇതിനാൽ ഭൂരിഭാഗം ജോലിക്കാരും സ്വകാര്യ ക്വാർട്ടേഴ്സുകളെ ആശ്രയിക്കേണ്ട സ്ഥിതിയിലാണ്. ഇവ പൊളിച്ച് പുതുക്കിപ്പണിയമെന്ന ആവശ്യം അവഗണിക്കുകയാണ്.
മണ്ണു വിറ്റ് ഫ്ലാറ്റ് നിർമിക്കാനുള്ള നീക്കവും പ്രതിഷേധത്തിൽ
കെഎസ്ആർടിസിയുടെ ഉടമസ്ഥതയിലുള്ള ഏഴ് ഏക്കർ സ്ഥലത്ത് നിന്ന് മൂന്നു ലക്ഷം ടൺ മണ്ണെടുത്ത് വിൽപന നടത്താനുള്ള നീക്കവും വിവാദത്തിൽ. പാരിസ്ഥിതിക പഠനം പോലും നടത്താതെയാണ് മണ്ണു വിൽപനയ്ക്കായി നീക്കം തുടങ്ങിയത്. ഇതുവഴി ലഭിക്കുന്ന പണം ഉപയോഗിച്ച് പ്രീ ഫാബ് ഫ്ലാറ്റ് കോംപ്ലക്സ് നിർമിക്കാനാണ് നീക്കം.
ജീവനക്കാർക്കും ഉദ്യോഗസ്ഥർക്കും താമസ സൗകര്യം ഒരുക്കാൻ മറ്റു സാമ്പത്തിക സ്രോതസ്സു കൾ ഉപയോഗപ്പെടുത്തുന്നതിന് പകരം ഇത്തരത്തിൽ മണ്ണു വിറ്റ് പണം കണ്ടെത്തുന്നതാണ് ചോദ്യം ചെയ്യപ്പെടുന്നത്. സ്ഥലവും സൗകര്യങ്ങളുമെല്ലാം ഉണ്ടായിട്ടും അവയൊന്നും ഫലപ്രദ മായി പ്രയോജനപ്പെടുത്താതെ അനുദിനം താഴേക്ക് കൂപ്പുകുത്തുന്ന കെഎസ്ആർടിസി റീജനൽ വർക്‌ഷോപ്പിനെ രക്ഷിക്കാൻ മന്ത്രി ഉൾപ്പെടെയുള്ള ബന്ധപ്പെട്ടവർ അടിയന്തര നടപടികൾ സ്വീകരിച്ചേ മതിയാകൂ….
ഇല്ലാതായ ബസ് ഓപ്പറേറ്റിങ് സെന്റർ
തൃശൂർ – കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസുകൾ നിർത്തിയിട്ട് യാത്രക്കാർക്ക് വിശ്രമിക്കാനും പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാനും ഏറെ സൗകര്യപ്രദ മായിരുന്നു ഈ ഓപ്പറേറ്റിങ് സെന്റർ. കെ.ടി.ജലീൽ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 30 ലക്ഷം രൂപ വിനിയോഗിച്ച് ഇതിനായി കെട്ടിടവും നിർമിച്ചു. ഒരു സ്റ്റേഷൻ മാസ്റ്ററെയും അനുബന്ധ ജോലിക്കാരെയും നിയമിച്ചു. സമീപത്തു തന്നെ കന്റീനും ആരംഭിച്ചു. ഇവിടെ നിന്ന് ബസുകൾ പുറപ്പെടുന്ന വിധത്തിൽ ഓപ്പറേറ്റിങ് സെന്റർ ആരംഭിക്കുക എന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തത്. ടിക്കറ്റ് ബുക്ക് ചെയ്യാനും സൗകര്യം ഏർപ്പെടുത്താനും പദ്ധതിയു ണ്ടായിരുന്നു.
എന്നാൽ അധികം വൈകാതെ ഇതിന്റെ പ്രവർത്തനവും നിലച്ചു. ജോലിക്കാരുടെ ക്ഷാമം മൂലം സ്റ്റേഷൻ മാസ്റ്ററെ പൊന്നാനിയിലേക്ക് സ്ഥലം മാറ്റി. അധികം വൈകാതെ ജീവനക്കാരെയും മാറ്റി. പിന്നീട് അടച്ചുപൂട്ടി. ഏറെ നാൾ ബസുകൾ നിർത്തിയിട്ട് യാത്രക്കാർക്ക് പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാനുള്ള സൗകര്യം മാത്രമായി പരിമിതപ്പെടുത്തി. വൈകാതെ ശുചിമുറിക്കും താഴു വീണു. കന്റീനും അടച്ചുപൂട്ടി. ഇതോടെ ബസുകൾ ഇവിടെ നിർത്താത്തതായി. പെൻഷനേഴ്സ് ഓർഗനൈസേഷനും യാത്രക്കാരുടെ വിവിധ സംഘടനകളും ഇത് പുനഃരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിമാർ ഉൾപ്പെടെ ഒട്ടേറെ പേർക്ക് നിവേദനം നൽകിയെങ്കിലും നിരാശ യായി രുന്നു ഫലം.