എരമംഗലം : പെരുമ്പടപ്പ് പഞ്ചായത്തിലെ എട്ടാം വാർഡ് ചെറവല്ലൂർ അരിക്കാട് മേഖലയിൽ ആഫ്രിക്കൻ ഒച്ചിന്റെ രൂക്ഷമായ വ്യാപനത്താൽ പൊറുതിമുട്ടിയിരിക്കുകയാണ്.തെക്കേകെട്ട്, നീലയിൽ പാടശേഖരങ്ങളുടെ അതിർത്തി പ്രദേശത്തുള്ള ഇരുപതോളം വീടുകളിലും പറമ്പുകളിലുമാണ് ഒച്ചിന്റെ വ്യാപനം കണ്ടെത്തിയിട്ടുള്ളത്. തെങ്ങ്, വാഴ, മറ്റു വിളകൾ, പൂച്ചെടികൾ എന്നിവയിൽക്കയറി ഇലകൾ തിന്ന് നശിപ്പിക്കുകയാണ് ഇവ ചെയ്യുന്നത്. മനുഷ്യ വാസസ്ഥലങ്ങളിലും മതിലുകളിലും വീടുകൾക്കുള്ളിലും ഇവയുടെ വ്യാപനം വലിയരീതിയിൽ കണ്ടെത്തിയതിനാൽ വീട്ടുകാരും ഏറെ ദുരിതത്തിലാണ്.
പ്രദേശവാസികളുടെയും കർഷക രുടെയും പരാതിയിൽ പെരുമ്പടപ്പ് പഞ്ചായത്ത് വികസന സ്ഥിരംസമിതി ചെയർപേഴ്‌സൺ സൗദ അബ്ദുള്ള, പഞ്ചായത്ത് സെക്രട്ടറി സാജൻ സി. ജേക്കബ്, പെരുമ്പടപ്പ് കൃഷിഭവൻ ഉദ്യോഗസ്ഥർ തുടങ്ങിയ സംഘം പരിശോധന നടത്തി പ്രാഥമിക കാര്യങ്ങൾ വിലയിരുത്തി.വിദഗ്‌ധ പരിശോധനകൾക്കായി പെരുമ്പടപ്പ് കൃഷി അസിസ്റ്റന്റ് ഡയറക്ടർ മുഖേനെ കാർഷിക വിജ്ഞാനകേന്ദ്രത്തിലെ ശാസ്ത്രജ്ഞർക്കു വിവരം കൈമാറിയിട്ടുണ്ട്. ശാസ്ത്രജ്ഞരുടെ നിർദ്ദേശക്കൾക്കനുസരിച്ച് വേണ്ട നടപടികൾ സ്വീകരിക്കാമെന്ന് പഞ്ചായത്ത് പെരുമ്പടപ്പ് പ്രസിഡന്റ് ബിനീഷ മുസ്തഫ പറഞ്ഞു.