വെളിയങ്കോട് : മഴയിലുണ്ടായ വെള്ളക്കെട്ടിന് തുടർന്ന് വെളിയങ്കോട്ടെയും പാലപ്പെട്ടി യിലെയും നൂറോളം കുടുംബങ്ങൾ ദുരിതം തുടരുന്നു. മഴ പെയ്യുമ്പോൾ തോട്ടങ്ങളിൽ നിന്നും റോഡുകളിൽ നിന്നും വെള്ളം ഒഴിയാതെ വന്നതോടെ തീരദേശത്തെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകൾക്ക് ചുറ്റുമാണ് ആഴ്ചകളായി വെള്ളക്കെട്ട് തുടരുന്നത്. വെളിയങ്കോട് പഞ്ചായത്തിലെ വെളിയങ്കോട് പത്തുമുറി, കിണർ, മാട്ടുമ്മൽ, വടക്കേപ്പുറം, പൂക്കൈത, വലക്കയം, പെരുമ്പടപ്പ് പഞ്ചായത്തിലെ പാലപ്പെട്ടി വടക്കേ തട്ടുപറമ്പ്, പുതിയിരുത്തി, കാപ്പിരിക്കാട് എന്നിവിടങ്ങളി ലാണ് വീടുകൾ വെള്ളക്കെട്ടിലായത്.
റോഡിന്റെ വശങ്ങളിൽ അഴുക്കുചാൽ ഇല്ലാത്തതും റോഡ് ഉയർന്നതും കാരണം റോഡ് വഴി പ്രധാന തോടുകളിലേക്ക് വെള്ളം ഒഴുക്കി വിടാൻ കഴിയുന്നില്ല. വെള്ളക്കെട്ട് തുടർന്നതോടെ സെപ്റ്റിക് ടാങ്ക് നിറഞ്ഞൊഴുകി വീട്ടുകാർക്ക് പുറത്തിറങ്ങാൻ കഴിയാതെ വന്നിരിക്കുകയാണ്. വെള്ളം കെട്ടക്കിടക്കുന്ന വീടുകളിൽ ചിലർക്ക് പനി വന്നതോടെ ചികിത്സ തേടിയിട്ടുണ്ട്. തീരദേശ മേഖലയിലെ പുതിയിരുത്തി–അജ്മേർ നഗർ റോഡ്, പത്തുമുറി തീരദേശ റോഡും ആഴ്ചകളായി വെള്ളക്കെട്ടിലാണ്. വെള്ളക്കെട്ടുള്ള കുടുംബങ്ങൾക്ക് ആരോഗ്യ വകുപ്പ് എലിപ്പനി ജാഗ്രതാ നിർദേശം നൽകി.