കുറ്റിപ്പുറം : മെട്രോമാൻ ഇ. ശ്രീധരൻ കുറ്റിപ്പുറത്ത് റെയിൽവേ മേൽപ്പാലത്തിൽ കോമ്പോസിസ്റ്റ് ഗർഡർ സ്ഥാപിക്കുന്നിടം സന്ദർശിച്ചു. ഗർഡർ സ്ഥാപിക്കാനുള്ള ശ്രമം തടസ്സപ്പെട്ട സാഹചര്യ ത്തിൽ നിലവിൽ സ്വീകരിച്ച സാങ്കേതികരീതിയിൽ ചില മാറ്റങ്ങൾ ശ്രീധരൻ നിർദ്ദേശിച്ചു. ഗർഡർ സ്ഥാപിക്കുന്നതിന് പകൽ സമയം ഉപയോഗപ്പെടുത്താനും 24 മണിക്കൂർ സമയം റെയിൽവേയിൽനിന്ന് അനുവദിച്ചു കിട്ടാനുമുള്ള നീക്കങ്ങൾ നടത്താനും കരാർ കമ്പനി പ്രതിനിധികളോട് അദ്ദേഹം പറഞ്ഞു.
വെള്ളിയാഴ്ച വൈകീട്ട് 4.30-ഓടെയാണ് ശ്രീധരൻ എത്തിയത്. ആറുവരിപ്പാതയുടെ ഭാഗമായി നിർമിക്കുന്ന പുതിയ റെയിൽവേ മേൽപ്പാലത്തിൽ കോമ്പോസിസ്റ്റ് ഗർഡർ വ്യാഴാഴ്ച രാത്രി സ്ഥാപിക്കാനുള്ള ശ്രമം സാങ്കേതിക പ്രശ്നങ്ങൾ മൂലം പരാജയപ്പെട്ടിരുന്നു. തുടർന്ന് റെയിൽവേ പാലക്കാട് ഡിവിഷനിലെ ഉയർന്ന ഉദ്യോഗസ്ഥർ ഇ. ശ്രീധരനുമായി വിഷയം ചർച്ചചെയ്തു. പിന്നീട് കരാർ കമ്പനിയായ കെഎൻആർസിഎലിന്റെ ഉദ്യോഗസ്ഥർ ശ്രീധരനെ കൊണ്ടുവരിക യായിരുന്നു.
വ്യാഴാഴ്ച രാത്രി ഗർഡർ റെയിൽപ്പാതയ്ക്ക് കുറുകേ ഹൈഡ്രോളിക് ജാക്കികൾ ഉപയോഗിച്ച് നീക്കുന്നതിനിടയിൽ ഹൈഡ്രോളിക് ജാക്കികളിൽ ഘടിപ്പിച്ച റോപ്പിന്റെ പിൻഭാഗത്തെ രണ്ട് സപ്പോർട്ടിങ് പ്ളേറ്റുകൾക്ക് തകരാർ സംഭവിച്ചു. ഇതോടെ ഗർഡർ സ്ഥാപിക്കുന്ന ജോലികൾ തടസ്സപ്പെടുകയായിരുന്നു. 10 മീറ്ററോളം മാത്രമാണ് ഗർഡർ മുന്നോട്ടുനീക്കാൻ കഴിഞ്ഞത്. രണ്ടാംതവണയാണ് ഗർഡർ സ്ഥാപിക്കാനുള്ള ശ്രമം പരാജയപ്പെടുന്നത്. നിലവിൽ ഗർഡർ സ്ഥാപിക്കാൻ സ്വീകരിച്ച സാങ്കേതികരീതികളും അതിന് ഉപയോഗിച്ച സംവിധാനങ്ങളും കരാർ കമ്പനിയുടെ സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥർ ശ്രീധരനോടു വിവരിച്ചു.
സാങ്കേതിക വിഷയങ്ങൾ പരിഹരിച്ചാൽ ഉടനെതന്നെ ഗർഡർ സ്ഥാപിക്കാനുള്ള സമയം റെയിൽവേ അനുവദിക്കും. ഗർഡർ സ്ഥാപിക്കുന്നതിന് പകൽസമയം അനുവദിക്കുന്നത് സംബന്ധിച്ചും കൂടുതൽ സമയം അനുവദിക്കുന്നത് സംബന്ധിച്ചുമുള്ള ഇ ശ്രീധരന്റെ നിർദ്ദേശങ്ങൾ റെയിൽവേ അംഗീകരിക്കാനാണ് സാധ്യത.ചെന്നൈയിൽ നിന്ന് ഡെപ്യൂട്ടി ചീഫ് എൻജിനിയർ ശനിയാഴ്ച സ്ഥലം സന്ദർശിക്കും.