Breaking
Fri. Jun 19th, 2026

പൊന്നാനി : പണിമുടക്കിനെ തള്ളിപ്പറഞ്ഞ മന്ത്രിയെ പിന്തുണച്ച്  ജീവനക്കാർ ജോലിക്കെത്തി യിട്ടും  കെഎസ്ആർടിസിക്ക് സർവീസ് നടത്താനായില്ല. സർവീസ് നടത്താൻ ഹാജരായ ജീവന ക്കാർ ശ്രമിച്ചെങ്കിലും പണിമുടക്ക് അനുകൂലികളെത്തി തടഞ്ഞു.കെഎസ്ആർടിസി പൊന്നാനി സബ് ഡിപ്പോയിൽ ബുധനാഴ്ച രാവിലെയാണ് നാടകീയരംഗങ്ങൾ അരങ്ങേറിയത്. പണിമുടക്ക് ആഹ്വാനം തള്ളി നാൽപ്പതോളം ജീവനക്കാർ ഡിപ്പോയിൽ ഹാജരായി. സർവീസ് സംബന്ധിച്ച് അനിശ്ചിതത്വം നിലനിന്നിരുന്നതിനാൽ ഏതാനും യാത്രക്കാരെത്തി മടങ്ങിപ്പോയി.

രാവിലെ എട്ടോടെ പാലക്കാട്ടേക്ക് സർവീസ് നടത്താൻ ജീവനക്കാർ ശ്രമിച്ചതോടെ സമരക്കാരെ ത്തി തടഞ്ഞു. സർവീസ് നടത്താൻ അനുവദിക്കില്ലെന്ന നിലപാടിൽ സമരക്കാർ ബസ് തടഞ്ഞിട്ട തോടെ പോലീസ് സ്ഥലത്തെത്തി.എന്നാൽ, യാത്രക്കാർ ആരുംതന്നെ കയറാനില്ലെന്നും പണി മുടക്കിനെ തകർക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് സർവീസ് നടത്താൻ ശ്രമിക്കുന്നതെന്നും പ്രതിഷേധക്കാർ ആരോപിച്ചു. യാത്രക്കാർ ഉണ്ടെങ്കിൽ സർവീസ് നടത്താൻ വഴിയൊരുക്കാമെന്ന് പോലീസും അറിയിച്ചു.

യാത്രക്കാരില്ലെന്നു കണ്ടതോടെ സർവീസ് നടത്താനുള്ള നീക്കം ജീവനക്കാർ ഉപേക്ഷിച്ചു. എന്നാൽ, സർവീസ് ഉണ്ടോയെന്ന് അന്വേഷിച്ച് ഒട്ടേറേ യാത്രക്കാർ വിളിച്ചതിനാലാണ് ജോലിക്കെ ത്തിയതെന്നും അവരെല്ലാം വഴിയിൽ കാത്തുനിൽക്കുന്നുണ്ടെന്നും ജീവനക്കാർ പറഞ്ഞു. സർവീസ് നടത്താൻ ഉദ്യോഗസ്ഥരുടെയോ പോലീസിന്റെയോ ഭാഗത്തുനിന്ന് വേണ്ടത്ര പിന്തുണ ലഭിച്ചില്ലെന്ന് ജോലിക്കെത്തിയ ജീവനക്കാർ കുറ്റപ്പെടുത്തി.

ബസുകൾ ഡിപ്പോയിലേക്ക് പ്രവേശിക്കാതിരിക്കാൻ പണിമുടക്ക് അനുകൂലികൾ ഡിപ്പോയ്ക്കു മുൻപിൽ തടസ്സം സൃഷ്ടിച്ചിരുന്നു. താമരശ്ശേരി-ഗുരുവായൂർ റൂട്ടിൽ സർവീസ് നടത്തുന്ന ബസ് തടയാൻ സമരക്കാർ ശ്രമിച്ചെങ്കിലും ബസ് ഡിപ്പോയിലേക്ക് കയറാതെ യാത്ര തുടർന്നു. വിവിധ ട്രേഡ് യൂണിയനുകൾ ആഹ്വാനംചെയ്ത പണിമുടക്ക് മേഖലയിൽ ഹർത്താലിന്റെ പ്രതീതിയു ണ്ടാക്കി.കെഎസ്ആർടിസി ഉൾപ്പെടെയുള്ള വാഹനങ്ങൾ സർവീസ് നടത്തിയില്ല. വളരെ കുറവ് സ്വകാര്യവാഹനങ്ങളും ഇരുചക്രവാഹനങ്ങളും മാത്രമാണ് നിരത്തിലുണ്ടായിരുന്നത്.

ഉൾപ്രദേശങ്ങളിൽപോലും കടകളെല്ലാം അടഞ്ഞുകിടന്നു. സ്കൂളുകളും സർക്കാർ സ്ഥാപനങ്ങളും പ്രവർത്തിച്ചില്ല.സംയുക്ത ട്രേഡ് യൂണിയൻ മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗര ത്തിൽ പ്രകടനം നടത്തി. ചന്തപ്പടിയിൽനിന്നാരംഭിച്ച പ്രകടനത്തിന് എ.കെ. ജബ്ബാർ, കെ.കെ. ബാബു, പി.പി. മുജീബ് റഹ്‌മാൻ പുതുപൊന്നാനി, എവറസ്റ്റ് ലത്തീഫ്, മുജീബ് നായരങ്ങാടി, വി.പി. അബ്ദുൽ കരീം, ശ്രീകുമാർ, എം.എ. ഹമീദ്, എം. വാഹിദ തുടങ്ങിയവർ നേതൃത്വംനൽകി.

 

Related Post

Leave a Reply

Your email address will not be published. Required fields are marked *