എടപ്പാൾ : വട്ടംകുളമെന്ന പ്രദേശത്തിന്റെ നാമധേയത്തിനു നിദാനമായ വട്ടക്കുളത്തിന്റെ ശനിദശ ഇനിയും മാറിയില്ല. മൂന്നുവർഷം മുൻപ് കുളം നവീകരിക്കാനാരംഭിച്ച പ്രവർത്തനം ശിലാഫലകത്തിലൊതുങ്ങിയതോടെ കുളം മണ്ണും ചെളിയുമടിഞ്ഞ് നശിക്കുന്നു. എടപ്പാൾ ടൗണിന്റെ മുക്കാൽഭാഗവും സ്ഥിതിചെയ്യുന്ന വട്ടംകുളം ഗ്രാമപ്പഞ്ചായത്തിലെ ഏറ്റവുംവലിയ കുളമാണ് വട്ടക്കുളം.പുരാതനകാലത്ത് പ്രദേശവാസികളുടെ പ്രധാന ജലസ്രോതസും കുളിക്കാനും കാർഷികാവശ്യങ്ങൾക്കുമെല്ലാം ഉപയോഗിച്ചിരുന്നതുമായ ഈ കുളം കാലപ്രവാഹ ത്തിൽ അന്യംനിന്നു പോകുകയായിരുന്നു. ഏതാണ്ട് വൃത്താകൃതിയിലുള്ള ഈ കുളം സ്ഥിതി ചെയ്ത പ്രദേശമെന്ന നിലയിലാണ് പഞ്ചായത്തിന് വട്ടംകുളമെന്ന പേർ ലഭിച്ചതെന്ന് കവിയും അധ്യാപകനുമെല്ലാമായിരുന്ന വട്ടംകുളം ശങ്കുണ്ണി പറയുന്നു.
കേന്ദ്ര സർക്കാരിന്റെ അമൃത് സരോവർ പദ്ധതിപ്രകാരം കുളം നവീകരിക്കാനായിരുന്നു പദ്ധതി.ജലസ്രോതസുകൾ പുനരുജ്ജീവിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 2022 ഫെബ്രുവരി 17-ന് പദ്ധതിയുടെ പ്രവൃത്തിക്ക് തുടക്കംകുറിച്ചെങ്കിലും കുറച്ചുഭാഗം മണ്ണെടുക്കുകയും വശങ്ങൾ കെട്ടുകയും ചെയ്തു. പിന്നീട് ഒന്നും നടന്നില്ല.ഗ്രാമപ്പഞ്ചായത്ത് 25 ലക്ഷം രൂപയും തൊഴിലു റപ്പിലുള്ള 24 ലക്ഷം രൂപയുമടക്കം 49 ലക്ഷം രൂപയുടെ പ്രവർത്തനം ഇനിയും നടക്കാനുണ്ട്. വശങ്ങൾ കെട്ടി മനോഹരമാക്കാനും കൽപ്പടവുകൾ നിർമിക്കാനും കുളങ്കര പാടശേഖരത്തി ലേക്ക് ജലം ഒഴിഞ്ഞു പോകാനുള്ള തോട് നവീകരിക്കാനുമെല്ലാമുള്ള ജോലികൾ കൂടി കഴിഞ്ഞാൽ മാത്രമേ പദ്ധതി കൊണ്ട് ഉദ്ദേശിച്ച ഫലം ജനങ്ങൾക്കും നാടിനും ലഭിക്കുകയുള്ളു.
വരൾച്ചയുണ്ടാകുന്ന സമയത്ത് കാർഷികാവശ്യത്തിന് കുളത്തിൽനിന്ന് ജലം കൊണ്ടുപോകാനും കുളം നവീകരിച്ചാൽ സാധ്യമാകും.വലിയൊരു നീന്തൽക്കുളമാക്കി മാറ്റുന്നതിലൂടെ വരും തലമുറയ്ക്ക് നീന്തൽപഠിക്കാനുള്ള സംവിധാനവും ഇവിടെയൊരുക്കാനാകും. എടപ്പാൾ പഞ്ചായത്തിലെ തറക്കലിൽ വിക്ടറി ക്ലബ്ബിന്റെ സഹകരണത്തോടെ ചാത്തൻകുളത്തിൽ ഇതുപോലെ നൂറുകണക്കിന് കുട്ടികളാണ് പ്രതിവർഷം നീന്തൽ പഠിച്ചു പോകുന്നത്. നടപടികൾ പൂർത്തിയായി, മഴ മാറിയാൽ പണി വട്ടക്കുളത്തിന്റെ ശേഷിക്കുന്ന പണികൾക്കുള്ള നടപടികളെല്ലാം പൂർത്തിയായിട്ടുണ്ട്. മഴ മാറിയാലുടൻ പണിയാരംഭിക്കും. എം.എ. നജീബ്, പ്രസിഡന്റ്, വട്ടംകുളം ഗ്രാമപ്പഞ്ചായത്ത്.