എരമംഗലം : കുഞ്ഞായിരിക്കുമ്പോൾ പിതാവ് വെളിയങ്കോട് സ്വദേശി ചന്തപ്പുറത്ത് സുബൈർ തന്റെ കംപ്യൂട്ടറിൽനിന്നു കാണിച്ചുകൊടുത്ത വിമാനങ്ങളുടെ വീഡിയോയിൽനിന്നായിരുന്നു മകൻ ആദിൽ സുബിക്ക് പൈലറ്റ് ആകണമെന്ന മോഹം മനസ്സിൽ മൊട്ടിട്ടത്. പിന്നീട് പലപ്പോഴും കംപ്യൂട്ടറിലും മൊബൈലിലും വിമാനം പറത്തുന്ന വീഡിയോകൾ കാണുന്നത് മാതാവ് റഫീബയാണ് ശ്രദ്ധിച്ചുതുടങ്ങിയത്. ഖത്തറിൽ വ്യവസായികൂടിയായ പിതാവിനെ കാണാൻ കുടുംബവുമൊത്ത് ഖത്തറിലേക്കു പോകാനായി വിമാനത്തിൽ യാത്രചെയ്തതുമുതൽ ആദിൽ സുബിയുടെ ഉള്ളിൽ മൊട്ടിട്ടുവളരുന്ന പൈലറ്റ് ആകണമെന്ന ആഗ്രഹം ഉപ്പയോടും ഉമ്മയോടും പങ്കുവെച്ചു. മകന്റെ ആഗ്രഹത്തിനൊപ്പം ഇവരും സഞ്ചരിക്കുകയായിരുന്നു. ഇതിനിടയിലാണ് യൂറോപ്പിലെ തന്നെ ഒന്നാംനിരയോടു കിടപിടിക്കുന്ന സ്‌പെയിനിലെ ബാഴ്‌സലോണയിലുള്ള ഏവിയേഷൻ അക്കാദമിയായ ഇഎഎസ്എയെക്കുറിച്ച് അറിയുന്നത്.
കടകശ്ശേരി ഐഡിയൽ കോളേജിൽനിന്ന് പ്ലസ്‌ടു പരീക്ഷയിൽ മികച്ചവിജയം നേടിയതിനുശേഷമാണ് ബാഴ്‌സലോണയിലെ ഇഎഎസ്എ യിൽ പ്രവേശനം നേടുന്നത്.മൂന്നുവർഷത്തോളം നീണ്ട പഠനത്തിനൊടുവിൽ തന്റെ കുഞ്ഞു നാളിലെ സ്വപ്‌നം 22ാം വയസ്സിൽ കൈപ്പിടിയിൽ ഒതുക്കിയതിന്റെ സന്തോഷത്തിലാണ് ആദിൽ സുബി. പൈലറ്റ് ലൈസൻസ് നേടുന്ന ആദ്യ വെളിയങ്കോട്ടുകാരനെന്ന നിലയിൽ കുടുംബ ത്തോടൊപ്പം നാടും നാട്ടുകാരും ഒരുപോലെ ആഹ്ലാദത്തിലാണ്. സ്‌പെയിൻ ബാഴ്‌സലോണ യിലെ ഇഎഎസ്എ അക്കാദമിയിൽനിന്ന് പൈലറ്റ് ലൈസൻസ് നേടുന്ന ആദ്യ മലയാളിയും രണ്ടു ഇന്ത്യക്കാരിൽ ഒരാളുമാണ് ആദിൽ സുബി എന്ന അഭിമാനവുമുണ്ട്. തിയറിയും പ്രാക്ടിക്കലും പഠിച്ചും പറന്നുമായിരുന്നു പരിശീലനം. നിലവിൽ 250 മണിക്കൂർ വിമാനം പറത്തിയതിനാൽ ഫ്രോസൺ (എഫ്) എയർലൈൻ ട്രാൻസ്‌പോർട്ട് പൈലറ്റ് ലൈസൻസ് (എടിപിഎൽ) ആണ് ലഭിച്ചിരിക്കുന്നത്.
ഈ ലൈസൻസ് ഉപയോഗിച്ച് യൂറോപ്പിൽ ഫസ്റ്റ് ഓഫീസർ പൈലറ്റ് ആകാം. 1500 മണിക്കൂർ പൂർത്തിയാക്കുന്നതോടെ എടിപിഎൽ നേടാനാകും. ഇതോടെ ക്യാപ്റ്റൻ പൈലറ്റ് ആകാനാകും. ആദിൽ സുബിയുടെ പ്രൈമറി പഠനം വെളിയങ്കോട്ഉമരിയിലു ഒരുവർഷം ഖത്തർ സ്‌കൂളിലും പിന്നീട് നാലാംക്ലാസ് മുതൽ പ്ലസ്ടു വരെ കടകശ്ശേരി ഐഡിയൽ ഇംഗ്ലീഷ് സ്‌കൂളിലുമായിരുന്നു. സഹോദരൻ അയാൻ സുബി കടകശ്ശേരി ഐഡിയൽ സ്‌കൂളിലെ ഏഴാംക്ലാസ് വിദ്യാർഥിയാണ്.ഉപ്പയുടെയും ഉമ്മയുടെയും പിന്തുണയില്ലായിരുന്നുവെങ്കിൽ തന്റെ ഈ ആഗ്രഹം സ്വപ്‌നം മാത്രമായി മാറുമായിരുന്നുവെന്നും അവരുടെ ഉറച്ച പിന്തുണയാലാണ് തനിക്കൊരു പൈലറ്റാകാൻ സാധിച്ചതെന്നും പഠനം തുടരുമെന്നും ആദിൽ സുബി പറഞ്ഞു.