എടപ്പാൾ : എടപ്പാളിന്റെ സ്വപ്നമായ ബസ്‌സ്റ്റാൻഡിനുള്ള ചർച്ചകൾ അവസാനഘട്ടത്തിലേക്ക്. സ്റ്റാൻഡിലേക്ക് ബസുകൾ പ്രവേശിക്കേണ്ട വഴി സംബന്ധിച്ച ചർച്ചകളാണ് ഏതാനും ദിവസ ങ്ങളായി പുരോഗമിച്ചിരുന്നത്.വട്ടംകുളം ഗ്രാമപ്പഞ്ചായത്ത് മുന്നോട്ടുവെച്ച എടപ്പാൾ ബസ്‌സ്റ്റാൻഡ് പ്രൊപ്പോസൽ പ്രകാരമുള്ള നടപടികളാണ് അവസാനഘട്ടത്തിലേക്കു നീങ്ങുന്നത്. അതിലൂടെ രൂപപ്പെട്ട ഏകാഭിപ്രായം ഭരണസമിതിക്കും വലിയ ഊർജമായിരുന്നു.സംവാദത്തിൽ ചെറിയ ചില അഭിപ്രായവ്യത്യാസങ്ങൾ ചില നേതാക്കളുടെ ഭാഗത്തുനിന്ന് ഉയർന്നെങ്കിലും അവയൊക്കെ പരിഹരിച്ച് മുന്നോട്ടുപോകാനുള്ള തീരുമാനമാണ് ഭരണസമിതിയും സ്റ്റാൻഡ് കൊണ്ടുവരാൻ ചുക്കാൻപിടിക്കുന്നവരും കൈക്കൊണ്ടത്.എല്ലാ അഭിപ്രായവും മുഖവിലയ്ക്കെടുത്ത് അവരെക്കൂടി വിശ്വാസത്തിലെടുത്ത് നാടിന്റെ പൊതു വികാരമെന്ന നിലയിലാണ് ഇപ്പോൾ കാര്യങ്ങൾ മുന്നോട്ടുപോകുന്നത്. സംവാദത്തി നുശേഷം നിലമ്പൂർ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നേതാക്കൾ തിരക്കിലായതോടെ കുറച്ചുദിവസം മന്ദഗതിയിലായ നീക്കം ഇപ്പോൾ സജീവമാണ്.
തദ്ദേശ തിരഞ്ഞെടുപ്പിനു മുൻപ് പ്രവൃത്തിയാരംഭിക്കാൻ ധാരണ:വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിനു മുൻപ് വഴിയൊരുക്കി സ്റ്റാൻഡിന്റെ നിർമാണപ്രവർത്തനങ്ങൾ ആരംഭിക്കാ നാണു ധാരണ. ആവശ്യമായ ഫണ്ടും മറ്റു സംവിധാനങ്ങളുമൊരുക്കാൻ ഭരണസമിതി രാഷ്ട്രീയ ഭേദമില്ലാതെ ഒറ്റക്കെട്ടായി രംഗത്തെത്താമെന്നു പറഞ്ഞത് നാടിന്റെ വികസനത്തോടുള്ള എല്ലാ പ്രസ്ഥാനങ്ങളുടെയും പ്രതിബദ്ധതയും വിളിച്ചറിയിക്കുന്നു.
ആദ്യ പരിഗണന പാതയൊരുക്കലിന്:പൊന്നാനി റോഡിൽ മാതൃഭൂമി ഓഫീസിനു സമീപ മുള്ള ഒരേക്കറോളം സ്ഥലം സ്റ്റാൻഡിനായി നൽകാൻ ഉടമ സജ്ജമായതിനാൽ കുറ്റിപ്പുറം റോഡി ൽനിന്ന് സ്റ്റാൻഡിലേക്ക് ബസുകൾ എത്താനുള്ള പാത ഒരുക്കിയശേഷം മറ്റു നടപടി കളാരംഭി ക്കാനാണ് നിലവിലെ തീരുമാനം. ഇതിനായി നിലവിൽ ക്രസന്റ് പ്ലാസ കോംപ്ലക്സിനു സമീപ ത്തുകൂടി പൊന്നാനി റോഡിലെത്തുന്ന ചെറുപാത വീതികൂട്ടണം.അഞ്ചടിയെങ്കിലുമായി ഇത് വീതികൂട്ടാൻ ഇവിടെയുള്ള എട്ടോളം ഭൂവുടമകൾ സജ്ജമാകണം. ഭൂരിഭാഗവും ഇതിനകം പദ്ധതിക്കനുകൂലമായ തീരുമാനമെടുത്തിട്ടുണ്ടെങ്കിലും ശേഷിക്കുന്നവരുടെ ആശങ്കകൂടി പരിഹരിച്ച് വഴിയൊരുക്കാനാണ് കഴിഞ്ഞദിവസം ഇതിനായി ചേർന്ന യോഗത്തിലെ തീരുമാനം. ഗ്രാമപ്പഞ്ചായത്ത് സാരഥികളുടെ നേതൃത്വത്തിലുള്ള സമിതി ഏതാനും ദിവസങ്ങൾക്കകം ഭൂവുടമ കളുമായി നേരിൽ സംസാരിച്ച് ഈ നടപടി പൂർത്തീകരിക്കുമെന്നാണ് സൂചന.