ചങ്ങരംകുളം : ആഫ്രിക്കൻ ഒച്ച് പ്രതിരോധ പ്രവർത്തനങ്ങൾ ഫലം കാണുന്നില്ല. നാട്ടുകാർ ആശങ്കയിൽ. പെരുമ്പടപ്പ് പഞ്ചായത്തിലെ ചെറുവല്ലൂർ അരിക്കാട് പ്രദേശത്താണ് ഒച്ച് ശല്യം അതിവേഗത്തിൽ വ്യാപിക്കുന്നത്. പഞ്ചായത്ത്, കൃഷി, ആരോഗ്യമേഖലയിലെ പ്രവർത്തകർ എന്നിവർ മേഖലയിൽ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തി. കഴിഞ്ഞ രണ്ടു ദിവസ ങ്ങളിൽ പ്രദേശത്ത് തുരിശുലായനി തളിക്കുന്നുണ്ട്. തളിച്ച ഭാഗങ്ങളിൽ വീണ്ടും ഒച്ചുകൾ എത്തുന്നതാണ് നാട്ടുകാരെ ആശങ്കയിലാക്കുന്നത്.
നേരത്തെ 20 വീടുകളുടെ പരിസരത്ത് ആണ് ഇവയെ കണ്ടിരുന്നത്, രണ്ടാഴ്ചയ്ക്കിടെ 100 വീടുകളിൽ ഇവയുടെ സാന്നിധ്യം കണ്ടെത്തി. അതിവേഗത്തിൽ ഇവ കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയാണ്. മരുന്ന് തളിക്കുന്നത് വീടുകളുടെ പരിസരത്ത് മാത്രമാണ്. പറമ്പുകളിലാണ് ഇവ കൂടുതലായി കാണുന്നത്.തുരിശുലായനി തളിക്കുന്നത് ഇവയെ പ്രതിരോധിക്കാൻ മതിയാകില്ല. മറ്റെന്തെങ്കിലും മാർഗങ്ങൾ ഉപയോഗിക്കാൻ അധികൃതർ തയാറാകണം എന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
ഒച്ചിനെ പ്രതിരോധിക്കാൻ ആവശ്യമായ മാർഗങ്ങൾ നിർദേശിക്കുന്നുണ്ട്, ജനങ്ങളുടെ കൂട്ടായ സഹകരണത്തോടെ ഇവയെ നശിപ്പിക്കുന്നതിനുള്ള നടപടികൾ ഉണ്ടാകുമെന്നും കൃഷി ഓഫിസർ ചിപ്പി പറഞ്ഞു. കുരുമുളക്, പച്ചക്കറികൾ, ചെടികൾ എന്നിവ ഇവ നശിപ്പിക്കുന്നുണ്ട്. തെങ്ങ്, കമുക്, വാഴ എന്നിവയിലും ഇവ ധാരാളമായി കണ്ടുവരുന്നത് ഉൽപാദനത്തെ ബാധിക്കുമെന്ന ഭീതിയിലാണ് കർഷകർ.