തിരൂർ : ഭരണസമിതിയുടെ ദുർഭരണത്തിനെതിരേ എൽഡിഎഫ് നടത്തിയ നഗരസഭാ ഓഫീസ് ഉപരോധസമരത്തിൽ പോലീസുമായി സംഘർഷം. നഗരസഭാപരിധിയിലെ മാസങ്ങളായി അണഞ്ഞു കിടക്കുന്ന തെരുവുവിളക്കുകൾ കത്തിക്കുക, നഗരസഭയിലെ പൊട്ടിപ്പൊളിഞ്ഞ റോഡുകൾ നവീകരിക്കുക, നഗരത്തിലെ കെട്ടിക്കിടക്കുന്ന മാലിന്യം നീക്കംചെയ്യുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ചാണ് എൽഡിഎഫ് തിരൂർ മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വ ത്തിൽ നഗരസഭാ ഓഫീസ് ഉപരോധിച്ചത്.
രാവിലെ ആറുമുതൽ ആരംഭിച്ച സമരത്തെത്തുടർന്ന് ഓഫീസ് പ്രവർത്തനം പൂർണമായും സ്തംഭിച്ചു. ഓഫീസ് ഉപരോധസമരത്തിനിടയിൽ പിൻ വാതിലിലൂടെ ജോലിക്കു കയറി സമരത്തെ തള്ളിക്കൊണ്ട് ജോലിക്കെത്തിയെന്ന് സാമൂഹിക മാധ്യമത്തിൽ തന്‍റെ ഫോട്ടോയിട്ട താത്കലിക ഡ്രൈവർ ഷിഹാബിനെ പുറത്തിറക്കണമെന്നാ വശ്യപ്പെട്ട് ഇടതു കൗൺസിലർമാരും ഡിവൈഎഫ്ഐ പ്രവർത്തകരും ഓഫീസിലേക്കു തള്ളിക്കയറി. ഇത് പോലീസുമായി സംഘർഷത്തിനിടയാക്കി.
മിർഷാദ്, ജഫ്സൽ, നജ്മുദ്ദീൻ എന്നീ കൗൺസിലർമാരും എൽഡിഎഫിന്റെ വനിതാ കൗൺസി ലർമാരും ഡിവൈഎഫ്ഐ പ്രവർത്തകരുമാണ് അടച്ചിട്ട ഓഫീസിനുള്ളിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചത്. വനിതാ പോലീസും വനിതാ കൗൺസിലർമാരും തമ്മിൽ കൈയാങ്കളിയുണ്ടായി. ഷിഹാബിനെ പോലീസ് പിൻവാതിലിലൂടെ പുറത്തേക്കു കൊണ്ടുപോയതോടെ കൗൺസില ർമാർ സമരപ്പന്തലിലേക്ക് തിരിച്ചുപോയി.ഉപരോധസമരം ജനാധിപത്യ മഹിളാ അസോസി യേഷൻ അഖിലേന്ത്യാ പ്രസിഡൻറും സിപിഎം കേന്ദ്രകമ്മിറ്റി അംഗവുമായ പി.കെ. ശ്രീമതി ഉദ്ഘാടനംചെയ്തു. അഡ്വ. എസ്. ഗിരീഷ് അധ്യക്ഷനായി.
സിപിഎം ജില്ലാകമ്മിറ്റി അംഗം അഡ്വ. പി. ഹംസക്കുട്ടി, ഏരിയാസെക്രട്ടറി ടി. ഷാജി, നഗരസഭാ കൗൺസിലർ വി. നന്ദൻ, പിമ്പുറത്ത് ശ്രീനിവാസൻ, പാറപ്പുറത്ത് കുഞ്ഞുട്ടി, കെ.പി. മുസ്തഫ എന്നിവർ സംസാരിച്ചു. പി.പി. ലക്ഷ്മണൻ, ടി. ദിനേശ്‌കുമാർ, പി. സുമിത്ത്, എം. മിർഷാദ്, കെ. ബാലകൃഷ്ണൻ, കെ. യൂസഫ്, രതീഷ് കാടായി എന്നിവർ നേതൃത്വംനൽകി. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റുചെയ്ത് നീക്കി. നഗരസഭാ ഓഫീസ് പ്രവർത്തനം തടസ്സപ്പെടുത്തിയതിന് കണ്ടാലറിയുന്ന അറുപതോളം പേർക്കെതിരേ പോലീസ് കേസെടുത്തു.
സിപിഎം ഗുണ്ടായിസം അനുവദിക്കില്ല- മുസ്‌ലിംലീഗ്:
തിരൂർ : നഗരസഭ ഉപരോധ സമരം എട്ടുനിലയിൽ പൊട്ടിയതിന്റെ ജാള്യതയിൽ നഗരസഭ ജീവനക്കാരെ സിപിഎം ഗുണ്ടകൾ ആക്രമിച്ചതിൽ തിരൂർ മുനിസിപ്പൽ മുസ്‌ലിംലീഗ് കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.സാധാരണക്കാരെയും വിദ്യാർഥികളെയും വലയ്ക്കുന്ന ഒട്ടനവധി വിഷയങ്ങൾ ഉണ്ടായിട്ടും അതിനെതിരേ ഒന്നും പ്രതികരിക്കാത്തവർ ഇപ്പോൾ കൈത്തരിപ്പ് മാറ്റാൻ ലീഗ് പ്രവർത്തകർക്കു നേരേ വരുകയാണ്. അതിനെ അതേ രീതിയിൽ നേരിടും. പോലീസ് നോക്കി നിൽക്കെ നഗരസഭ ഓഫീസിൽക്കയറി ജീവനക്കാരെ മർദ്ദിച്ച ഗുണ്ടകൾക്കെതിരേ നിയമപാലകർ ശക്തമായ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് കെ. ഇബ്രാഹിംഹാജി അധ്യക്ഷനായി. പി.വി. സമദ്, ബാവ ചെമ്പ്ര, കെ.പി. ഹുസൈൻ, വി.പി. സൈതലവി ഹാജി, ടി.ഇ. വഹാബ്, കെ. നൗഷാദ് (കുഞ്ഞിപ്പ), കെ.പി. അസീസ്, മനാഫ് പൂന്തല, സി. ജൗഹർ, യൂസഫ് പൂഴിത്തറ എന്നിവർ പ്രസംഗിച്ചു .