തവനൂർ : സ്റ്റോപ്പിൽ നിർത്തിയിട്ട് ആളെ കയറ്റുകയായിരുന്ന സ്വകാര്യബസിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ 14 പേർക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ ലോറി ഡ്രൈവർ കരിമ്പന കോട്ടേക്കാട്ട് പറമ്പിൽ അൻസിലി(27)നെ തൃശ്ശൂർ മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കുറ്റിപ്പുറം -പൊന്നാനി പാതയിലെ കൂരടയിൽ സെൻട്രൽ ജയിലിനു സമീപം ബുധനാഴ്ച രാവിലെ 8.55-നാണ് അപകടമുണ്ടായത്. കുറ്റിപ്പുറത്തുനിന്ന് പൊന്നാനിയിലേക്ക് പോകുകയായിരുന്ന ബസ് ആളെ കയറ്റാൻ സ്റ്റോപ്പിൽ നിർത്തിയതായിരുന്നു. ഈസമയം കുറ്റിപ്പുറം ഭാഗത്തേക്കു പോവുകയായിരുന്ന ലോറി ബസിൽ വന്നിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ലോറിയുടെയും ബസിന്റെയും മുൻഭാഗം തകർന്നു. ലോറിയിൽ കുടുങ്ങിയ ഡ്രൈവറെ കാബിൻ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.ബസിലുണ്ടായ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ കുറ്റിപ്പുറത്തെ ഹീൽഫോർട്ട് ആശുപത്രിയിൽ ചികിത്സ നൽകി വിട്ടയച്ചു. ലോറി ഡ്രൈവറെ വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളേജിലേക്കു മാറ്റി