എരമംഗലം: 2004-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ നാളുകളിലായിരുന്നു വി.എസ്. അച്യുതാനന്ദൻ എരമംഗലം അങ്ങാടിയിലെത്തുന്നത്. 2003 ഡിസംബറിൽ ഡിവൈഎഫ്ഐ പൊന്നാനി ബ്ലോക്ക് സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനംചെയ്യാനായാണ് അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന അദ്ദേഹം എത്തുന്നത്. താഴത്തേൽപ്പടി മുതൽ നാക്കോല വരെ സംസ്ഥാനപാതയുടെ ഇരുഭാഗത്തും ആളുകൾ വി.എസിനെ കാണാനായി തടിച്ചുകൂടിയിരിക്കുന്നു. ഇതിനിടയിലൂടെ ഡിവൈഎഫ്ഐ ബ്ലോക്ക് സമ്മേളനത്തിന്റെ സമാപനത്തിനു മുന്നോടിയായുള്ള പ്രകടനം നടന്നു. എരമംഗലവും പരിസരവും പുരുഷാരംകൊണ്ട് വീർപ്പുമുട്ടി. ഇതിനിടയിലേക്കാണ് പോലീസ് പൈലറ്റ് വാഹനത്തിന്റെ അകമ്പടിയിൽ വി.എസ്. അച്യുതാനന്ദന്റെ വാഹനം ചീറിപ്പാഞ്ഞെത്തുന്നത്. ഇതോടെ എല്ലാം മറന്നു പ്രായംപോലും നോക്കാതെ ‘കണ്ണേ .. കരളേ .. വിഎസ്സേ’ എന്ന മുദ്രാവാക്യം വിളിച്ചുകൊടുത്തത് ഇന്നലെയെന്ന പോലെയാണ് വീട്ടിൽ വിശ്രമജീവിതം നയിക്കുന്ന മുതിർന്ന സിപിഎം നേതാവുകൂടിയായ വെളിയങ്കോട് മുളമുക്ക് സ്വദേശി കൊളത്തേരി വീട്ടിൽ കെ.പി. ചന്ദ്രൻ ഓർത്തെടുത്തത്.
പി. നന്ദകുമാർ എംഎൽഎ, മുതിർന്ന നേതാക്കളായ എ.കെ. മുഹമ്മദുണ്ണി എന്നിവരോടൊപ്പം വി.എസിനെ ഡിവൈഎഫ്ഐ പൊതുസമ്മേളനവേദിയിലേക്കു സ്വീകരിച്ചതും ചന്ദ്രൻ ഓർത്തെടുക്കുന്നു. സിപിഎം ജില്ലാ സെക്രേട്ടറിയറ്റംഗം അഡ്വ. പി.കെ. ഖലീമുദ്ദീനായിരുന്നു അന്നത്തെ ഡിവൈഎഫ്ഐ പൊന്നാനി ബ്ലോക്ക് പ്രസിഡന്റ്. സിപിഎം പൊന്നാനി ഏരിയാ സെന്റർ അംഗവും സിഐടിയു ജില്ലാ നേതാവുമായ സുരേഷ് കാക്കനാത്ത് ആയിരുന്നു അന്നത്തെ സെക്രട്ടറി. വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കുമ്പോൾ കെഎസ്‌കെടിയു പൊന്നാനി ഏരിയാസെക്രട്ടറി എന്ന ചുമതലയിൽ പരേതനായ സഖാവ് കറപ്പുവുമൊത്ത് പൊന്നാനിയിലെ വയൽനികത്തൽ വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്താനായി തിരുവനന്തപുരത്തു പോയി കണ്ടതും കെ.പി. ചന്ദ്രൻ ഓർത്തെടുത്തു. തിങ്കളാഴ്‌ച വൈകീട്ട് വി.എസ്. അച്യുതാനന്ദന്റെ വിയോഗം അറിഞ്ഞതുമുതൽ ടിവിക്കു മുൻപിൽ വിലാപയാത്രമുതൽ സംസ്കാരച്ചടങ്ങുകൾവരെ കാണുന്നതിനായി അദ്ദേഹം ഒരേയിരിപ്പാണെന്ന് ഭാര്യ ശ്രീദേവി ചന്ദ്രനും പറയുന്നു. 2004 മാർച്ച് 23 -ന് സിപിഎം പെരുമ്പടപ്പ് ലോക്കൽ കമ്മിറ്റി ഓഫീസ് ഉദ്‌ഘാടനം ചെയ്യാനായി പാലപ്പെട്ടി പുതിയിരുത്തിയിലും വി.എസ്. അച്യുതാനന്ദൻ എത്തിയിട്ടുണ്ട്. അന്ന് മഞ്ഞളാംകുഴി അലിയുടെ വീട്ടിലായിരുന്നു വി.എസ്. ഉണ്ടായിരുന്നത്. അദ്ദേഹത്തെ പാർട്ടി നിർദേശപ്രകാരം മങ്കടയിൽപ്പോയി പൊന്നാനിയിലേക്ക് കൂട്ടിക്കൊണ്ടുവന്നതിന്റെ ഓർമ്മയും സി.പി.എം. ജില്ലാസെക്രേട്ടറിയറ്റംഗം ടി.എം. സിദ്ദീഖ് പങ്കുവെച്ചു. അന്നത്തെ യാത്രയിൽ അധികവും ഇമ്പിച്ചിബാവയെപ്പറ്റിയായിരുന്നു വി.എസ്. പറഞ്ഞിരുന്നതെന്ന് ടി.എം. സിദ്ദീഖ് ഓർത്തെടുത്തു.