താനൂർ : താനൂർ തീരദേശത്തെ എടക്കടപ്പുറം, അഞ്ചുടി, ഒസ്സാൻ കടപ്പുറം, ചീരാൻ കടപ്പുറം, പുതിയ കടപ്പുറം ഭാഗങ്ങളിൽ കടലേറ്റം രൂക്ഷം.എടക്കടപ്പുറം ഭാഗങ്ങളിൽ നിരവധി വീടുകളിലേക്ക് വെള്ളംകയറി നാശനഷ്ടങ്ങളുണ്ടായി. കടൽഭിത്തികൾ നിർമിക്കാത്ത ഭാഗങ്ങളിലാണ് പ്രശ്നം രൂക്ഷമായത്. തീരത്തെ റോഡുകളും തകർന്നു. ഈ ഭാഗത്തെ ചില വീടുകൾ അപകടഭീഷണിയിലുമാണ്. നിലവിൽ ഭിത്തികളുള്ള ഭാഗങ്ങളിലും തിരമാലയടിച്ച് ഭിത്തികൾ തകർന്നു. സമീപകാലത്ത് ചെറിയ കല്ലുകൾ ഉപയോഗിച്ച് അശാസ്ത്രീയമായി നിർമിച്ച ഭിത്തികളും തകർന്നിട്ടുണ്ട്.സ്ഥലങ്ങൾ നഗരസഭാധ്യക്ഷൻ റഷീദ് മോര്യയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ സന്ദർശിച്ചു. ഉപധ്യക്ഷ സി.കെ. സുബൈദ, സ്ഥിരംസമിതി അധ്യക്ഷൻ കെ.പി. അലി അക്ബർ, കൗൺസിലർമാരായ കെ.പി. ഹനീഫ, സി.പി. നജ്മത്ത് എന്നിവർ സംഘത്തിലുണ്ടായിരുന്നു. കെടുതികൾ നഗരസഭാ ഭരണസമിതി കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തി. ഇതേത്തുടർന്ന് തിരൂർ തഹസിൽദാരുടെ നേതൃത്വത്തിലുള്ള സംഘവും പ്രദേശങ്ങൾ സന്ദർശിച്ചു.കടൽഭിത്തികൾ ഇല്ലാത്ത ഭാഗങ്ങളിൽ പുതിയവ നിർമിക്കണമെന്നും നിലവിലുള്ള ഭിത്തികൾ ബലപ്പെടുത്തണമെന്നും വർഷങ്ങളായി തീരദേശവാസികൾ സർക്കാരിനോട് ആവശ്യപ്പെടുന്ന കാര്യമാണ്. പക്ഷേ, നടപടിയായിട്ടില്ല. മേജർ ഇറിഗേഷൻ വകുപ്പാണ് ഭിത്തികൾ നിർമിക്കേണ്ടത്.