എടപ്പാൾ : കണ്ണിന് അസുഖമുള്ള വയോധികർക്കും കിടപ്പുരോഗികൾക്കും ഇനി ചികിത്സതേടി കഷ്ടപ്പെട്ട് ആശുപത്രിയിലെത്തേണ്ട. ഡോക്ടറും ആവശ്യമായ പരിശോധനാസംവിധാനങ്ങളും മരുന്നും എല്ലാമടങ്ങുന്ന ഒരാശുപത്രിതന്നെ ഇനി നിങ്ങളുടെ പടിവാതിൽക്കലെത്തും.എടപ്പാൾ റോട്ടറി ക്ലബ്ബാണ് റൈഹാൻ ഐ ഹോസ്‌പിറ്റൽ, റൈഹാൻ കോളേജ് ഓഫ് ഒപ്‌റ്റോമെട്രി എന്നിവയുമായി സഹകരിച്ച് നിരാലംബരുടെ വീട്ടുപടിക്കൽ ചികിത്സയെത്തിക്കുന്ന നൂതന പദ്ധതി ആവിഷ്‌കരിച്ചത്. വിഷൻ ഓൺ വീൽസ് എന്ന പേരിലാരംഭിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ആശുപത്രി സിഇഒയും പ്രമുഖ കണ്ണുഡോക്ടറുമായ ടി.കെ. സലാഹുദ്ദീൻ നിർവഹിച്ചു.
ഒരുവർഷം നീണ്ടുനിൽക്കുന്നതാണ് പദ്ധതി. സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവരിലേക്കും സ്‌കൂൾ വിദ്യാർഥികളിലേക്കും നേത്രരോഗ പരിശോധനയും ചികിത്സയും എത്തിക്കുക യെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ആശുപത്രികളിലേക്കെത്താൻ സാധിക്കാത്തവർക്കും കിടപ്പുരോഗികൾക്കും വലിയ സൗകര്യമാകുന്ന പദ്ധതി ജില്ലയിൽത്തന്നെ ആദ്യമാണെന്ന് ഉദ്ഘാടനപ്രസംഗത്തിൽ ഡോ. സലാഹുദ്ദീൻ പറഞ്ഞു.റോട്ടറി ക്ലബ് പ്രസിഡന്റ് അഷറഫ് ചെങ്ങനാത്ത് അധ്യക്ഷതവഹിച്ചു. സോൺ ഓഫീസർ കെ. ദിലീപ്കുമാർ, സെക്രട്ടറി പ്രകാശ് പുളിക്കപറമ്പിൽ, എം. ബാബുരാജ് , ഇ. പ്രതാപ്, ഡോ. രോഹിത് ശശിധരൻ, പ്രിൻസിപ്പൽ അൻവർ ഷക്കീബ്, ജോയൽ എന്നിവർ പ്രസംഗിച്ചു.