താനൂർ : താനൂർ ദേവധാർ ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ ഏറ്റവും പഴക്കംചെന്ന അപകടാവസ്ഥയിലുള്ള കെട്ടിടം പൊളിച്ചുനീക്കി. അപകടാവസ്ഥയിലായ കെട്ടിടത്തെപ്പറ്റി കഴിഞ്ഞ 25-ന് ‘മാതൃഭൂമി’ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.ശോച്യാവസ്ഥയെത്തുടർന്ന് ഈ അധ്യയന വർഷാരംഭത്തിൽ സ്‌കൂൾ അധികൃതർ കെട്ടിടം പൊളിച്ചുനീക്കാനുള്ള അനുമതി ക്കായി ജില്ലാപഞ്ചായത്തിന് അപേക്ഷ സമർപ്പിച്ചിരുന്നു.കെട്ടിടം പൊളിക്കാനുള്ള നടപടികൾ ക്കായി സാങ്കേതികവിഭാഗത്തിലേക്ക് ജില്ലാപഞ്ചായത്ത് നൽകിയ ഫയൽ താനാളൂർ പഞ്ചായത്തി ലെയും ബ്ലോക്ക്-ജില്ലാ സങ്കേതിക ഓഫീസുകളിലെയും ഉദ്യോഗസ്ഥർ കാലതാമസം വരുത്തി യതിനാൽ അനുമതി രണ്ടുമാസം വൈകി.കെട്ടിടത്തിന്റെ ഓടുകൾ വീഴാതിരിക്കാൻ സ്‌കൂൾ അധികൃതർ അവ താഴെ ഇറക്കിവെച്ചിരുന്നു.
രണ്ടുമാസമായി കനത്തമഴയിൽ കുതിർന്നുനിൽക്കുന്ന കെട്ടിടത്തിന്റെ ചുമരുകളുടെ അപകട വസ്ഥയെ സംബന്ധിച്ച് ‘ഇതൊന്ന് പൊളിച്ചുനീക്കൂ കുട്ടികളുടെ തലയിൽ വീഴും മുൻപ്’ എന്ന തലക്കെട്ടിലാണ് ‘മാതൃഭൂമി’ വാർത്ത പ്രസിദ്ധീകരിച്ചിരുന്നത്.വാർത്ത പ്രസിദ്ധീകരിച്ച തിനു ശേഷം 25-നുതന്നെ ജില്ലാ സങ്കേതികവിഭാഗം ജില്ലാപഞ്ചായത്തിന് സർട്ടിഫിക്കറ്റ് നൽകുകയും 28-ന് ജില്ലാപഞ്ചായത്തംഗം വി.കെ.എം. ഷാഫിയുടെ അടിയന്തിര ഇടപെടലിനെത്തുടർന്ന് ജില്ലാപഞ്ചായത്ത് ഭരണസമിതി യോഗം കെട്ടിടം പൊളിക്കാനുള്ള അനുമതി സ്‌കൂളിനു നൽകുകയും ചെയ്തു.ഈ മാസം ഒന്നിന് സ്‌കൂൾ അധികൃതർ കെട്ടിടം പൊളിക്കാനുള്ള ടെൻഡർ നടപടി പൂർത്തിയാക്കി. ഞായറാഴ്‌ച കെട്ടിടം പൊളിച്ചുനീക്കുകയും ചെയ്തു.