തവനൂർ : മലയാള കലാകാരൻമാരുടെ ദേശീയ സംഘടനയായ ‘നന്മ’യുടെ ഏഴാമത് മലപ്പുറം ജില്ലാ സമ്മേളനം തവനൂർ കെസിഎഇടി കോളേജിൽ നടന്നു.രണ്ടുദിവസങ്ങളിലായി നടന്ന സമ്മേളനം കെ.ടി. ജലീൽ എംഎൽഎ ഉദ്ഘാടനംചെയ്തു. തവനൂർ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റും പ്രോഗ്രാം കമ്മിറ്റി ചെയർമാനുമായ ടി.വി. ശിവദാസ് അധ്യക്ഷനായി. പ്രതിനിധി സമ്മേളനം നന്മ സംസ്ഥാന പ്രസിഡൻറ് സേവിയർ പുൽപ്പാട് ഉദ്ഘാടനംചെയ്തു. നന്മ ജില്ലാ പ്രസിഡന്റ് ലുഖ്മാൻ അരീക്കോട് അധ്യക്ഷനായി. സംസ്ഥാന വർക്കിങ് പ്രസിഡന്റ് വിൽസൺ സാമുവൽ മുഖ്യപ്രഭാഷണം നടത്തി.
ജില്ലാസെക്രട്ടറി സജിത്ത് പൂക്കോട്ടുപാടം പ്രവർത്തന റിപ്പോർട്ടും സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം ഐ.ഡി. രഞ്ജിത്ത് സംഘടനാ റിപ്പോർട്ടും ട്രഷറർ ശ്യാം പ്രസാദ് മഞ്ചേരി കണക്കും അവതരിപ്പിച്ചു.സമാദരണസദസ്സിൽ വിവിധ പുരസ്‌കാരങ്ങൾ നേടിയ സംസ്ഥാന ഭാരവാഹികൾ, നന്മ സർഗോത്സവം സംസ്ഥാന വിജയികൾ, തവനൂർ മേഖലയിലെ മുതിർന്ന കലാകാരൻമാർ തുടങ്ങിയവരെ നന്മ സർഗവനിത സംസ്ഥാന പ്രസിഡന്റ് സി. രമാദേവി ഉപഹാരങ്ങൾ നൽകി ആദരിച്ചു. സംസ്ഥാനകമ്മിറ്റി അംഗങ്ങളായ പ്രമോദ് തവനൂർ, കൃഷ്ണകുമാർ വെന്നിയൂർ എന്നിവർ പ്രസംഗിച്ചു.