Breaking
Thu. Aug 21st, 2025

എടപ്പാൾ : കണ്ണുതുറക്കാത്ത ദൈവങ്ങളേ, കരയാനറിയാത്ത, ചിരിക്കാനറിയാത്ത, കളിമൺ പ്രതിമകളേ… ‘അഗ്നിപുത്രി’ സിനിമയിൽ പി. സുശീല പാടിയ ഈ ഗാനംപോലെയാണ് ദൈവസന്നിധിയിൽ അർച്ചനചെയ്യുന്ന ജീവനക്കാരുടെ അവസ്ഥ. 29 വർഷം കഴകക്കാരനായി ജോലിചെയ്യുന്ന പാലക്കാട് മണ്ണാർക്കാട് പള്ളിക്കുറുപ്പ് മഹാവിഷ്ണുക്ഷേത്രത്തിലെ കെ.വി. മുരളീധരന്റെ ജീവിതം സർക്കാരുകൾ കണ്ണുതുറന്നു കാണണം.

ഭിന്നശേഷിക്കാരനായ മകൻ, വയോധികയായ മാതാവും ഭാര്യയുമടങ്ങുന്ന കുടുംബം. ബോർഡിൽനിന്ന് 2010-മുതൽ 2015 വരെയുള്ളതും 2024-ലെയുമടക്കം മൂന്നരലക്ഷത്തോളം രൂപ വേതനംകിട്ടാക്കടമായി കിടക്കുന്നു. മകന് അടിയന്തരമായി ഒരു ശസ്ത്രക്രിയ വന്നപ്പോൾ ഈ തുക ലഭിക്കുമെന്നുകരുതി കടംവാങ്ങി ചികിത്സിച്ചു. പണം കിട്ടാതായതോടെ ആ ആഘാത ത്തിൽ മുരളീധരനും അപസ്മാരംവന്ന് ചികിത്സയിലായി.

ശമ്പളപരിഷ്കരണം വരുമ്പോൾ എല്ലാ വകുപ്പിലും വേതനം കൂടുമ്പോൾ കിട്ടിയിരുന്ന ശമ്പളത്തിൽ പ്രതിവർഷം 80,000-ത്തോളം രൂപ കുറഞ്ഞുപോയ ഹതഭാഗ്യൻ. ക്ഷേത്രത്തിൽനിന്ന് ലഭിക്കുന്ന 8000 രൂപ മാത്രംകൊണ്ട് കുട്ടിയുടെ ചികിത്സയും കുടുംബം പോറ്റലുമെല്ലാം നടത്താനാവാതെ പ്രതിസന്ധിയിലാണിദ്ദേഹം. വേതനംകുറഞ്ഞ പ്രശ്നം പരിഹരിക്കണമെന്ന് കമ്മിഷണർ ഉത്തരവ് നൽകിയെങ്കിലും ഇനിയും ഉദ്യോഗസ്ഥർ കനിഞ്ഞിട്ടില്ല.

ചന്ദ്രൻ യാത്രയായത് പണവും ചികിത്സയും കിട്ടാതെ

ഇതേ ക്ഷേത്രത്തിലെ കാവൽക്കാരനായ ചന്ദ്രനും ലക്ഷങ്ങൾ കുടിശ്ശികയായി കിട്ടാനുണ്ട്. വൃക്കരോഗത്തിനുള്ള ചികിത്സയ്ക്കായി നിർബന്ധിത വിടുതൽ വാങ്ങിയെങ്കിലും ആ പണവും ലഭിച്ചില്ല. ഡയലാലിസിസ് പോലും ചെയ്യാൻ പണമില്ലാതെ വിഷമിച്ച് ആശുപത്രിയിൽ അത്യാസന്ന നിലയിലായിരുന്ന ഇദ്ദേഹം ചൊവ്വാഴ്ച കൂടുതൽ ചികിത്സയ്ക്കു കാത്തുനിൽക്കാതെ യാത്രയായി.ഇത് ഇവരുടെമാത്രം കഥയല്ല. മലബാറിലെ ക്ഷേത്രങ്ങളിൽ പാരമ്പര്യമായി തൊഴിൽ ചെയ്തുവരുന്ന ഒട്ടേറെപ്പേരുടെ ജീവിതമാണ്. വർഷം സേവനം, പെൻഷൻ 1,875

കണ്ണൂർ പള്ളിക്കുന്ന് ദേവസ്വത്തിൽ 15 വർഷത്തോളം കഴകജോലിയെടുത്ത് അറുപതാംവയസ്സിൽ അസുഖംകാരണം നിർബന്ധിത വിരമിക്കൽ എടുത്ത് എളയാവൂരിൽ താമസിക്കുകയാണ്. 750 രൂപയായിരുന്നു ആദ്യം പെൻഷൻ. ഇപ്പോൾ 1,875 രൂപയാണ്. 15 വർഷം ദൈവത്തെ സേവിച്ചതിന് കിട്ടുന്ന ഈ തുകകൊണ്ട് എങ്ങനെ ജീവിക്കുമെന്നറിയില്ല. കണ്ണൂർ എളയാവൂരിൽ കണ്ണിന് കാഴ്ചയില്ലാതെ കിടപ്പിലാണിപ്പോൾ.

വാസുദേവൻ നമ്പീശൻ കണ്ണൂർ

പള്ളിക്കുന്ന് ദേവസ്വം, എളയാവൂർ.

പ്രതീക്ഷകളോടെ മുന്നോട്ട്

വർഷമായി ജോലിചെയ്യുന്നു. കിട്ടുന്നത് മാസം 1000 രൂപ. 2024-ന് ശേഷം അതും കിട്ടിയിട്ടില്ല. ഒൻപത് കിലോമീറ്റർ സഞ്ചരിച്ചുവേണം ജോലിക്കെത്താൻ. യാത്രച്ചെലവ്, വീടിന്റെ വായ്പയടയ്ക്കാനുള്ള 12,000 രൂപ, വീട്ടുചെലവ്, ചികിത്സാചെലവുകൾ എല്ലാം ചെയ്യാനുള്ള വരുമാനമാണിത്. എല്ലാം ശരിയാകുമെന്ന പ്രതീക്ഷയിലാണ് മുന്നോട്ടുപോകുന്നത്.

രാമചന്ദ്രൻ, വഴിപാട് ക്ലർക്ക്, കിരാതേശ്വര ക്ഷേത്രം, നീലേശ്വരം, കാസർകോട്.

Related Post

Leave a Reply

Your email address will not be published. Required fields are marked *