കൊല്ലത്ത് നിന്ന് തട്ടിക്കൊണ്ടുപോയ ആറ് വയസുകാരിക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി പൊലീസും നാട്ടുകാരും. കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച കാര്‍ കണ്ടെത്തുകയാണ് വെല്ലുവിളി. കാര്‍ ജില്ലാ അതിര്‍ത്തികളിലൂടെ കടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിക്കാത്ത പക്ഷം റൂറല്‍ ഏരിയകള്‍ കേന്ദ്രീകരിച്ചാണ് പ്രധാന അന്വേഷണം. അതേസമയം ജില്ല വിട്ട് കാര്‍ പോയിട്ടില്ലെന്ന് ഉറപ്പിക്കുന്നുമില്ല പൊലീസ്. ഒറ്റപ്പെട്ട വിജനമായ ഇടങ്ങളിലും പൊലീസ് പരിശോധന ശക്തമാണ്.

ഓയൂരില്‍ നിന്ന് ആറ് വയസുള്ള പെണ്‍കുട്ടിയെ ഇന്നലെ വൈകുന്നേരത്തോടെയാണ് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. പതിനാറ് മണിക്കൂര്‍ പിന്നിടുമ്പോഴും കുട്ടിയെ കുറിച്ച് വിവരം ലഭിച്ചിട്ടില്ല. അബിഗേലിനെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച സംഘം   4 അഎ 3239 എന്ന സ്വിഫ്റ്റ് ഡിസയര്‍ കാറിന്റെ ഉടമ വിമല്‍ സുരേഷിന്റേതാണെന്നാണ് കണ്ടെത്തല്‍. വിമല്‍ സുരേഷാണ് നിലവില്‍ കസ്റ്റഡിയിലുള്ള മൂന്ന് പേരില്‍ ഒരാളെന്നാണ് സൂചന.

മൂന്ന് പേരെയാണ് തിരുവനന്തപുരത്ത് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇതില്‍ ഒരാളെ ശ്രീകാര്യത്ത് നിന്നും രണ്ട് പേര്‍ ശ്രീകണ്ഠാപുരത്ത് നിന്നുമാണ് കസ്റ്റഡിയിലെടുത്തത്. കാര്‍ വാഷിംഗ് സെന്ററിന്റെ ഉടമയാണ് കസ്റ്റഡിയിലായവരില്‍ ഒരാളായ പ്രതീഷ്. അഞ്ഞൂറ് രൂപയുടെ നൂറ് നോട്ടുകളുടെ 19 കെട്ടും കടയില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്.

ഇന്നലെ വൈകീട്ട് 4.45നാണ് അബിഗേല്‍ സാറ റെജിയെന്ന ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോകുന്നത്. വെള്ള നിറത്തിലുള്ള ഹോണ്ട അമയിസ് കാറിലാണ് കുട്ടിയെ കയറ്റിക്കൊണ്ട് പോയത്. മൂത്ത മകന്‍ ജോനാഥനൊപ്പം ട്യൂഷന് പോകുമ്പോഴായിരുന്നു സംഭവം. തടയാന്‍ ശ്രമിച്ച തന്നെ വലിച്ചിഴച്ചതായി സഹോദരന്‍ ജോനാഥ് പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പൂയപ്പള്ളി പൊലീസ് അന്വേഷണം തുടങ്ങി. ഒരു പേപ്പര്‍ തന്ന് അമ്മയ്ക്ക് കൊടുക്കുമോ എന്ന് കാറിലുള്ളവര്‍ പറഞ്ഞതായി സഹോദരന്‍ പറയുന്നു. പെണ്‍കുട്ടിയെ കാറിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോവുകയായിരുന്നു. ആണ്‍കുട്ടി തടുക്കാന്‍ ശ്രമിച്ചപ്പോള്‍ കാര്‍ പെട്ടെന്ന് മുന്നോട്ടെടുക്കുകയും ആണ്‍കുട്ടി താഴെ വീഴുകയുമായിരുന്നു.

Related Post

Leave a Reply

Your email address will not be published. Required fields are marked *