പൊന്നാനി: ഹാർബർ പ്രദേശത്തെ 128 ഫ്ലാറ്റുകൾ ഉൾപ്പെടുന്ന പുനർഗേഹം ഭവനസമുച്ചയ നിർമാണത്തിൽ ക്രമക്കേട് സ്ഥിരീകരിച്ചു വിജിലൻസ് ഡയറക്ടർ. കെട്ടിടത്തിൽ അപകടകരമായ വിള്ളൽ രൂപപ്പെട്ടതും മലിനജല സംസ്കരണ സംവിധാനത്തിലെ പിഴവും കെട്ടിട നിർമാണച്ചട്ട ങ്ങൾ ലംഘിച്ചതും ഗുരുതര വീഴ്ചയായി വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ കണ്ടെത്തി.ക്രമക്കേടിനു കാരണക്കാരായ പൊന്നാനി ഹാർബർ എൻജിനീയറിങ് വകുപ്പിലെ എക്സിക്യൂട്ടീവ് എൻജിനീയറായിരുന്ന എം.ടി.രാജീവ്, ഉത്തരമേഖലാ ഹാർബർ എൻജിനീയറിങ് സൂപ്രണ്ടായിരുന്ന പി.ഷാന്റി ജോസഫ് എന്നിവർക്കെതിരെ നടപടിക്കും ശുപാർശ ചെയ്തു.
രണ്ട് ഉദ്യോഗസ്ഥരും സർവീസിൽനിന്നു വിരമിച്ചതിനാൽ പെൻഷനിൽ കുറവു വരുത്തു ന്നതുൾപ്പെടെയുള്ള ശിക്ഷാനടപടികളും ശുപാർശ ചെയ്യപ്പെട്ടിട്ടുണ്ട്. ഉൗരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റിക്കായിരുന്നു നിർമാണച്ചുമതല. ഹാർബർ പ്രദേശത്ത് 16 ബ്ലോക്കുകളിലായാണു ഫ്ലാറ്റുകൾ നിർമിച്ചിരിക്കുന്നത്. 2022ൽ നിർമാണം പൂർത്തിയാക്കിയ കെട്ടിടസമുച്ചയത്തിലെ ചുമരുകളിൽ എട്ടു മാസത്തിനകം അപകടകരമായ വിള്ളലുകൾ രൂപപ്പെട്ടിരുന്നു.
സംഭവം അന്നുതന്നെ റിപ്പോർട്ട് ചെയ്തിരുന്നതാണ്. തൊട്ടുപിന്നാലെയാണു വിജിലൻസ് സംഘമെത്തി, വിദഗ്ധരുടെ സാന്നിധ്യത്തിൽ പരിശോധന നടത്തിയത്. മലിനജല സംസ്കരണ സംവിധാനം നിർമിച്ചതിൽ ഉൾപ്പെടെ ഗുരുതര വീഴ്ചകളാണു കണ്ടെത്തിയിരിക്കുന്നത്. കരാറുകാരായ ഉൗരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്ക് 2027 വരെ കെട്ടിടപരിപാലന ബാധ്യതയുണ്ട്.