തിരൂർ : ജില്ലാ ആശുപത്രിയിലെ പുതിയ കവാടത്തിലേക്കുള്ള റോഡിൽ അനധികൃത പാർക്കിങ്ങെന്ന് പരാതി. ഓങ്കോളജി കെട്ടിടത്തിന്റെ പുതിയ കവാടത്തിലേക്കുള്ള വെള്ളത്തൂർ അച്ചൂട്ടി റോഡിലാണ് പാർക്കിങ്. ആശുപത്രിയിലെ മുഴുവൻ ഒപികളോ, മരുന്നു വിതരണ കേന്ദ്രമോ ഇവിടേക്കു മാറ്റാനുള്ള ആലോചനയുണ്ട്. ഫിസിയോതെറപ്പി യൂണിറ്റും ഈ കെട്ടിടത്തിലേക്കു മാറ്റുന്നുണ്ട്. കാഷ്വൽറ്റി ഇങ്ങോട്ടു മാറ്റാനുള്ള ആലോചനയും നടക്കുന്നുണ്ട്.
ആംബുലൻസുകളും രോഗികളുമായി വരുന്ന മറ്റു വാഹനങ്ങളും ഈ റോഡിലൂടെയാണ് കടന്നു പോകേണ്ടത്. റോഡിന്റെ എതിർവശത്ത് കാറുകളും ഇരുചക്ര വാഹനങ്ങളും അടക്കമുള്ള വണ്ടികൾ അനധികൃതമായി പാർക്കു ചെയ്തു പോകുന്ന അവസ്ഥയാണ്. ഇക്കാര്യം ആശുപത്രി അധികൃതർ പലതവണ ട്രാഫിക് പൊലീസിനോടും മോട്ടർവാഹന വകുപ്പിനോടും പരാതിപ്പെട്ടിരുന്നു. ഇതുവരെ നടപടികളൊന്നും ഉണ്ടായിട്ടില്ല.