പൊന്നാനി: കഴിഞ്ഞ ദിവസം അന്തരിച്ച സിനിമാതാരം ഷാനവാസിന്റെയും പിതാവ് നടൻ പ്രേംനസീറിന്റെയും പാദസ്പർശമേറ്റ ഒരു വീടുണ്ട് ഇന്നും പൊന്നാനിയിൽ. വിജയമാതാ കോൺവെൻറിന് എതിർവശത്തുള്ള ഐസിഐസിഐ ബാങ്കിനു പിറകുവശമാണ് നഗര ഹൃദയത്തിലെ ആ ചെറിയ ഓടിട്ട വീട്. 1979-കളിലാണ് പ്രേംനസീറിന്റെ ഇളയമകൾ റീത്തയും ഭർത്താവ് ഡോ. ഷറഫുദ്ദീനും പൊന്നാനിയിലെത്തുന്നത്.
താലൂക്കാശുപത്രിയിലെ ഡോക്ടറായാണ് ഷറഫുദ്ദീൻ എത്തുന്നത്. അന്ന് താമസസൗകര്യം ഒരുക്കിക്കൊടുത്തത് അന്നത്തെ മാതൃഭൂമി ലേഖകനും ഏജന്റുമായിരുന്ന ചെമ്പ്ര ചോയുണ്ണി യായിരുന്നു. ചോയുണ്ണിയുടെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് മൂന്നരവർഷത്തിലേറെ റീത്തയും ഭർത്താവും മക്കളായ ജാസ്മിനും രേഷ്മയും താമസിച്ചിരുന്നത്. അക്കാലത്ത് നടൻ ഷാനവാസ് ഇടയ്ക്കിടെ സഹോദരി റീത്തയെ കാണാനെത്തുമായിരുന്നു.
1981-ൽ ഷാനവാസും അംബികയും ഒരുമിച്ചഭിനയിച്ച ‘പ്രേമഗീതങ്ങൾ’ എന്ന സിനിമ വലിയ ഹിറ്റായതോടെ അഭിനന്ദനമറിയിക്കാനായി ആരാധകർ ഇവിടെയും എത്തിയിരുന്നു. പ്രേംനസീറും മൂന്നുതവണ ഇവിടെയെത്തിയിട്ടുണ്ട്. നസീർ വന്നതറിഞ്ഞ് ഒരിക്കൽ രാത്രിയിൽ ആരാധകർ വീടിനു ചുറ്റും തടിച്ചുകൂടി റോഡിൽ ഗതാഗതസ്തംഭനമുണ്ടായതും ചരിത്രം.