കുറ്റിപ്പുറം: ദേശീയപാത 66-ലെ കുറ്റിപ്പുറം കിൻഫ്ര വ്യവസായപാർക്കിൽ വിവിധ സംരംഭങ്ങൾ പ്രവർത്തനം ആരംഭിക്കാനുള്ള നീക്കങ്ങൾ നടക്കുമ്പോഴും ഇവിടെ കുടിവെള്ളം ലഭ്യമല്ല. നിലവിൽ ഇവിടെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സ്ഥാപനങ്ങളെല്ലാം കെട്ടിടനിർമാണത്തിനും തുടർപ്രവർത്തനങ്ങൾക്കുമുള്ള വെള്ളം ടാങ്കർ ലോറികളിൽ പുറമേനിന്ന് എത്തിക്കുകയാണ്.16 കമ്പനികൾക്കാണ് ഇവിടെ വ്യവസായ സംരംഭങ്ങൾ ആരംഭിക്കാൻ സ്ഥലം നൽകിയിരിക്കുന്നത്. ഇതിൽ രണ്ട് കമ്പനികൾ പ്രവർത്തനം നടത്തിവരുന്നു. മൂന്ന് കമ്പനികൾ അടുത്തുതന്നെ പ്രവർത്തനം തുടങ്ങുകയും ചെയ്യും. സ്ഥലം അനുവദിക്കപ്പെട്ട നാല് കമ്പനികൾ മാത്രമാണ് കെട്ടിടനിർമാണം ഇതുവരേയും ആരംഭിക്കാത്തത്. കിൻഫ്ര വ്യവസായപാർക്ക് സ്ഥിതിചെയ്യുന്ന 18.34 ഏക്കർ ഭൂമി വർഷങ്ങൾക്കുമുൻപ് പ്രവർത്തനംനിലച്ചുപോയ കേരള സോപ്സ് ആൻഡ് ഡിറ്റർജന്റ് കമ്പനിയുടെ ഉടമസ്ഥതയിലുള്ളതായിരുന്നു.
ആ കാലഘട്ടത്തിൽ ഇവിടേക്ക് ആവശ്യമായ ജലം എടുത്തിരുന്നത് മൂന്ന് കിലോമീറ്ററിനപ്പുറമുള്ള കെഎസ്ഡിസിയുടെ തന്നെ ഉടമസ്ഥതയിലുള്ള ഏരിയായിൽ ചോല കായൽപ്പാടത്തെ വലിയ കിണറ്റിൽ നിന്നായിരുന്നു.ഈ കിണർ ആഴംകൂട്ടി നവീകരിച്ചതിനുശേഷം പുതിയ മോട്ടോർ സ്ഥാപിച്ച് കിൻഫ്ര പാർക്കിലേക്ക് ജലവിതരണം നടത്താനായിരുന്നു പദ്ധതി തയ്യാറാക്കി യിരുന്നത്. ജലം ശേഖരിക്കാൻ കിൻഫ്ര പാർക്കിൽ ഒന്നരലക്ഷം ലിറ്റർ ജലം കൊള്ളുന്ന ടാങ്ക് നിർമിക്കാനും പദ്ധതിയിട്ടിരുന്നു. എന്നാൽ കിണർ ആഴംകൂട്ടുന്നത് പ്രദേശത്തെ 150-ൽപ്പരം കുടുംബങ്ങൾക്കുള്ള രണ്ട് ശുദ്ധജലവിതരണ പദ്ധതികളെ ദോഷകരമായി ബാധിക്കുമെന്ന വിഷയം ഉയർത്തി പ്രദേശവാസികൾ രംഗത്തിറങ്ങി. ഇതോടെ പഞ്ചായത്ത് ഭരണസമിതിയും കിണർ ആഴം കൂട്ടുന്നതിനുള്ള അനുമതി നൽകുന്നതിൽനിന്ന് പിൻവാങ്ങി.