പുറത്തൂർ : സർക്കാർ സ്കൂളിലെ ആദ്യ എ.ഐ.-റോബോട്ടിക് ലാബ് സ്ഥാപിച്ച് പുറത്തൂർ ജി.യു.പി.എസ്. പൊതുവിദ്യാഭ്യാസരംഗത്ത് നിർമിത ബുദ്ധിയുടെയും (എ.ഐ.) റോബോട്ടിക്സി ന്റെയും സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിന്റെ ആദ്യ ചുവടുവെപ്പ് കൂടിയാണിത്.18 ലക്ഷം ചെലവിലാണ് ലാബ് നിർമിച്ചിട്ടുള്ളത്. ആദ്യഘട്ടത്തിൽ ഏഴാം ക്ലാസ്സിലെ മുഴുവൻ കുട്ടികൾക്കും എഐയുടെ അടിസ്ഥാന പാഠങ്ങൾ നൽകും. ഈ പദ്ധതിക്ക് സാമ്പത്തികസഹായം നൽകിയത് നോർത്ത് അമേരിക്കൻ മലയാളി അസോസിയേഷൻ എന്ന ‘നന്മ’കൂട്ടായ്മയാണ്. ലാബിന്റെ ഉദ്ഘാടനം ബുധനാഴ്ച കെ.ടി. ജലീൽ എംഎൽഎ നിർവഹിക്കും.
നിർമാണവും സാങ്കേതിക സഹായവും നൽകിയത് തിരൂർ ആസ്ഥാനമായുള്ള കൊക്കോസ് എന്ന സ്റ്റാർട്ടപ്പ് കമ്പനിയാണ്. കൊക്കോസ് അധ്യാപകർക്ക് പരിശീലനം നൽകുന്നതിനൊപ്പം, എ.ഐ. പഠന പ്ലാറ്റ്‌ഫോമും പാഠ്യപദ്ധതിയും തയ്യാറാക്കുന്നതിനും സഹായിക്കുന്നുണ്ട്.ഒരു വർഷത്തിനു ള്ളിൽ 100 സ്കൂളുകളിൽക്കൂടി ഇത്തരം ലാബുകൾ സ്ഥാപിക്കുമെന്ന് ചീഫ് ടെക്നിക്കൽ ഓഫീസർ ഷഫീഖ് റഹ്‌മാൻ അറിയിച്ചു. കേരള സ്റ്റാർട്ടപ്പ് മിഷന്റെ പിന്തുണയോടെയാണ് കൊക്കോസ് പ്രവർത്തിക്കുന്നത്. പുറത്തൂർ ജി.യു.പി.എസ്. വെൽഫെയർ കമ്മിറ്റി ചെയർമാൻ സി.പി. കുഞ്ഞിമൂസയുടെയും പിടിഎയുടെയും നേതൃത്വത്തിലാണ് പദ്ധതി പൂർത്തീകരിച്ചത്.