എടപ്പാൾ : ഗതാഗതക്കുരുക്കിന് ശമനമില്ലാതെ എടപ്പാൾ ജംക്‌ഷൻ. സംസ്ഥാനപാതയിലെ തിരക്കേറിയ ടൗണിലെ ഗതാഗതക്കുരുക്ക് കാരണം ഇതുവഴി കടന്നുപോകുന്ന യാത്രക്കാർ ദുരിതത്തിലാണ്. ഉച്ചയോടെ തുടങ്ങുന്ന തിരക്ക് രാത്രി വൈകിയും തുടരുകയാണ്. തൃശൂർ – കോഴിക്കോട്, പാലക്കാട് – പൊന്നാനി റോഡുകളുടെ സംഗമ കേന്ദ്രമായ ഇവിടെ ഗതാഗത ക്കുരുക്ക് നിയന്ത്രിക്കുന്നതിന് പൊലീസിന്റെ സാന്നിധ്യവും ഇല്ല. ആംബുലൻസുകളും അത്യാസന്ന നിലയിലുള്ള രോഗികളുമായി പോകുന്ന വാഹനങ്ങളും ഏറെ നേരം കാത്തു കിടക്കേണ്ടി വരുന്ന അവസ്ഥയാണ്.
പാലം യാഥാർഥ്യമായതോടെ തിരക്കിന് നേരിയ ശമനം ഉണ്ടായിരുന്നെങ്കിലും നാലു റോഡിലും അനധികൃതമായി നിർത്തിയിടുന്ന വാഹനങ്ങളും ട്രാഫിക് പൊലീസിന്റെ അഭാവവുമാണ് കുരുക്കിന് ഇടയാക്കുന്നത്. പട്ടാമ്പി റോഡിലും പൊന്നാനി റോഡിലും നോ പാർക്കിങ് ബോർഡുകൾക്ക് താഴെയാണ് വാഹനങ്ങളുടെ പാർക്കിങ്. ടൗണിൽ പൊലീസ് എയ്ഡ് പോസ്റ്റിന് മുന്നിൽപോലും ബസുകൾ നിർത്തിയിടും. ഇത് ചോദ്യം ചെയ്യാൻ പൊലീസോ, ഹോംഗാർഡോ ഇല്ല. നേരത്തെ ഉണ്ടായിരുന്ന ഹോംഗാർഡ് വിരമിച്ചതോടെ പകരം ആളെ നിയമിച്ചിട്ടില്ല.
വൈകിട്ട് പട്രോളിങ് നടത്തുന്ന ചങ്ങരംകുളം പൊലീസ് ഈ വഴിക്ക് വരുന്നില്ല. ഹൈവേ പൊലീസും തിരിഞ്ഞു നോക്കുന്നില്ല. ബൈപാസ് റോഡുകൾക്ക് വേണ്ടത്ര വീതിയില്ലാത്ത തിനാൽ ഇതുവഴിയും കടന്നു പോകാൻ കഴിയുന്നില്ല. ദിവസങ്ങൾക്കുള്ളിൽ ഓണത്തിരക്ക് ആരംഭിക്കുന്നതോടെ തിരക്ക് ഇനിയും വർധിക്കും. ഇതിന് മുൻപായി അനധികൃത പാർക്കിങ് ഒഴിവാക്കി കൂടുതൽ പൊലീസിനെ ടൗണിൽ വിന്യസിച്ച് കുരുക്കിന് പരിഹാരം കാണണമെന്ന ആവശ്യം ശക്തമാണ്.

