കുറ്റിപ്പുറം : ഗവ. താലൂക്ക് ആശുപത്രിയിലെ കണ്ണാശുപത്രിയുടെയും പുതുതായി നിർമിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനവും മന്ത്രി വീണാ ജോർജ് നിർവഹിച്ചു.ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ അധ്യക്ഷനായി. നാഷണൽ ഹെൽത്ത് മിഷൻ പദ്ധതി പ്രകാരം അനുവദിച്ച 1.54 കോടി രൂപ ചെലവഴിച്ചാണ് കണ്ണു ചികിത്സാ വിഭാഗത്തിന് മാത്രമായി രണ്ട് നിലകളുള്ള പ്രത്യേക കെട്ടിടം നിർമിച്ചത്. മൂന്ന് ഡോക്ടർമാർക്ക് ഒരേ സമയം പരിശോധനയ്ക്കുള്ള ഒപി, കിടത്തിച്ചികിത്സിക്കാനുള്ള വാർഡ്, ശൗചാലയങ്ങൾ എന്നിവയാണ് താഴത്തെ നിലയിലുള്ളത്. ഓപ്പറേഷൻ തിയേറ്റർ, ഓപ്പറേഷൻ സജ്ജീകരണത്തിനുള്ള മുറികൾ, സ്റ്റോർ ഏരിയ, ഒബ്സർവേ ഷൻ റൂം എന്നിവയാണ് മുകൾ നിലയിലുള്ളത്.
ലിഫ്റ്റ് സജ്ജീകരിക്കാനുള്ള സൗകര്യവും പുതുതായി നിർമ്മിച്ച കെട്ടിടത്തിലുണ്ട്. നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 17.85 കോടി രൂപ ഉപയോഗിച്ചാണ് കെട്ടിടം നിർമിക്കുന്നത്. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വസീമ വേളേരി, പഞ്ചായത്ത് പ്രസിഡന്റ് നസീറ പറത്തൊടി, ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. കെ.ജെ. റീന, ജില്ലാപഞ്ചായത്തംഗം ബഷീർ രണ്ടത്താണി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി.എ. നൂർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.വി. വേലായുധൻ, സാബിറ എടത്തടത്തിൽ, ഒ.കെ. സുബൈർ, ഫസൽ അലി പൂക്കോയ തങ്ങൾ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക, പ്രോഗ്രാം ഓഫീസർ ഡോ. ടി.എൻ. അനൂപ് തുടങ്ങിയവർ പ്രസംഗിച്ചു.
ഉദ്ഘാടനവേദിയിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം
കുറ്റിപ്പുറം : മന്ത്രി വീണാ ജോർജിന്റെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലെ കണ്ണാശുപത്രി ഉദ്ഘാടനവേദിയിൽ മന്ത്രിക്കെതിരേ യൂത്ത് കോൺഗ്രസ് പ്രതിഷേധം. പ്രതിഷേധക്കാരെ പോലീസ് പിടികൂടുന്നതിനിടെ ഡിവൈഎഫ്ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രതിഷേധക്കാർക്കുനേരെ ആക്രമണമുണ്ടായി.ഇതോടെ സദസ്സിലുണ്ടായിരുന്ന പലരും ഓടിരക്ഷപ്പെട്ടു. പത്ത് മിനിറ്റോളം ഉദ്ഘാടനസദസ്സ് അലങ്കോലപ്പെട്ടു. ഈ ബഹളത്തിനിടയിലും മന്ത്രി പ്രസംഗം തുടർന്നു. മന്ത്രി ഉദ്ഘാടനപ്രസംഗം തുടങ്ങിയ ഉടനെയാണ് സദസ്സിന്റെ മുൻനിരയിൽ ഇരുന്നിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകർ മന്ത്രിക്കെതിരേ മുദ്രാവാക്യം വിളിച്ചത്. ഇതോടെ പോലീസ് പ്രതിഷേധക്കാരെ പിടികൂടാൻ ഓടിയെത്തി. അതിനിടയിലാണ് ഡിവൈഎഫ്ഐ പ്രവർത്തകർ സംഘടിച്ചെത്തി പ്രതിഷേധക്കാരെ ആക്രമിച്ചത്. സംഭവത്തിൽ മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കുറ്റിപ്പുറം പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.