എരമംഗലം : ജൽ ജീവൻ പദ്ധതിക്കായി പൊളിച്ച മാറഞ്ചേരി പഞ്ചായത്തിലെ അധികാരിപ്പടി-വടമുക്ക് ഒളമ്പക്കടവ് റോഡ് നവീകരണം നടത്താത്തതിൽ പ്രതിഷേധിച്ചു. വാട്ടർ അതോറിറ്റി ഓഫീസിൽ കോൺഗ്രസ് പ്രവർത്തകർ കുത്തിയിരിപ്പു സമരം നടത്തി.വാട്ടർ അതോറിറ്റി എക്‌സിക്യുട്ടീവ് എൻജിനിയറെ ഉപരോധിക്കാനായിരുന്നു തീരുമാനം. കോൺഗ്രസ് പ്രവർത്തക രെത്തിയപ്പോൾ എക്‌സിക്യുട്ടീവ് എൻജിനിയർ ഓഫീസിൽ ഉണ്ടായിരുന്നില്ല.അതോടെ ഡെപ്യൂട്ടി എക്‌സിക്യുട്ടീവ് എൻജിനിയർ എം.കെ. അബ്ദുൽനാസറിനെ ഉപരോധിച്ചുകൊണ്ട് പ്രതിഷേധം തുടങ്ങി.ഇതിനിടയിൽ എക്സിക്യുട്ടീവ് എൻജിനിയർ ഓഫീസിലെത്തിയതോടെ സമരം എക്‌സിക്യുട്ടീവ് എൻജിനിയർ മഞ്ജുമോളുടെ മുന്നിലായി.
റോഡ് പുനർനിർമാണത്തിൽ തീരുമാനമാവാതെ കുത്തിയിരിപ്പ് സമരം അവസാനിപ്പിക്കില്ലെന്ന് കോൺഗ്രസ് പൊന്നാനി ബ്ലോക്ക് പ്രസിഡന്റ് മുസ്‌തഫ വടമുക്ക് എൻജിനിയറെ അറിയിച്ചു. ഇതോടെ കരാറുകാരെ വിളിച്ചുവരുത്തുകയും റോഡ് നവീകരണം ബുധനാഴ്‌ച മുതൽ തുടങ്ങു മെന്ന് എക്‌സിക്യുട്ടീവ് എൻജിനിയർ മഞ്ജുമോളുടെ സാന്നിധ്യത്തിൽ ജനപ്രതിനിധികൾ ഉൾപ്പെടെയുള്ള പ്രതിഷേധക്കാർക്ക് ഉറപ്പുനൽകിയതോടെ സമരം അവസാനിപ്പിക്കുക യായിരുന്നു.സമരത്തിന് മുസ്തഫ വടമുക്ക്, പഞ്ചായത്ത് അംഗങ്ങളായ ടി. മാധവൻ, സംഗീത രാജൻ, കോൺഗ്രസ് നേതാക്കളായ അബ്ദുൽ ലത്തീഫ്, രാജൻ, പി.വി. മുസ്തഫ, പി. അഷ്‌റഫ്, ടി. കാദർ, എൻ.കെ. ഷഫീഖ്, പി. അബൂബക്കർ, റഷീദ് പോഴത്ത് തുടങ്ങിയവർ നേതൃത്വംനൽകി.