തിരുനാവായ : കേരളത്തിൽ ഇടതുപക്ഷ സർക്കാർ നടത്തുന്ന അയ്യപ്പസംഗമവും ന്യൂനപക്ഷ സംഗമവും തിരഞ്ഞെടുപ്പ് വരുമ്പോൾ വരുന്ന പൊട്ടൻ ആശയങ്ങളാണെന്നും തിരഞ്ഞെടുപ്പിൽ തോൽക്കുമെന്ന ഭീതിമൂലമാണിതെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. പത്തുവർഷം ജനങ്ങൾ അവസരംകൊടുത്തു. ഒന്നുംചെയ്യാതെ ഇപ്പോൾ നാടകം കളിച്ച് ശ്രദ്ധ തിരിക്കുകയാണ്. വിശ്വാസികളെ വിഡ്ഢികളാക്കി, തിരഞ്ഞെടുപ്പ് തന്ത്രമാക്കി മാറ്റുമ്പോഴാണ് പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു. എല്ലാവർക്കും വേണ്ടി പ്രവർത്തിക്കുന്ന പാർട്ടിയാണ് ബിജെപി. മുസ്‌ലിം, ക്രിസ്ത്യൻ മനസ്സുകളിൽ ചിലയാളുകൾ വിഷം കയറ്റി വെച്ചിട്ടുണ്ട്.
ഈ വിഭാഗങ്ങൾ തീവ്രവാദത്തെ അനുകൂലിക്കുകയാണെങ്കിൽ ശക്തമായി എതിർക്കും. വികസനസന്ദേശം എല്ലാവരിലുമെത്തിച്ച്, ന്യൂനപക്ഷങ്ങൾക്കുവേണ്ട തൊഴിലും അവസരങ്ങളും ഉണ്ടാക്കുന്നതിന് ബിജെപി പ്രയത്നിക്കും.ബിജെപി ഭരിക്കാനാണ് തിരഞ്ഞെടുപ്പിനെ നേരിടു ന്നത്. നാടിനു വികസനം വേണം. മാറ്റം വേണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു. അവർക്കുവേണ്ടി ആത്മാർത്ഥമായി പ്രവർത്തിക്കുന്നത് ബിജെപിയാണ്. മെസ്സി കേരളത്തിൽ വരണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ഇതുസംബന്ധിച്ച ചോദ്യത്തിനു മറുപടിയായി രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
‘വന്നാൽ കളി കാണുന്നതിൽ ആദ്യത്തെയാൾ ഞാനായിരിക്കും. സംസ്ഥാന സർക്കാർ സ്‌പോർട്സിന്റെ ഉന്നമനത്തിനുവേണ്ടി എല്ലാ ജില്ലകളിലും നല്ല ഫുട്ബോൾ സ്റ്റേഡിയങ്ങൾ നിർമിക്കണം. പഞ്ചായത്തുകളിലും നഗരങ്ങളിലും സ്‌പോർട്സിന് പ്രാഥമിക പരിഗണന നൽകണം. അല്ലാതെ താരം വന്ന് ഓട്ടോഗ്രാഫ് ഒപ്പിട്ടുപോയിട്ടു കാര്യമില്ല’. കേന്ദ്രസർക്കാർ ഫണ്ട് നൽകുന്നി ല്ലെന്ന പരാതി സംബന്ധിച്ച് കേന്ദ്രസർക്കാർ ഒരു സംസ്ഥാനത്തിന്റെയും ഫണ്ടുകൾ പിടിച്ചു വെക്കു ന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കിട്ടിയ ഫണ്ടുകൾ വകമാറ്റി ചെലവഴിക്കുകയാണ് സംസ്ഥാന സർക്കാർ. തിരുനാവായ-ഗുരുവായൂർ റെയിൽപ്പാതയ്ക്കുള്ള നടപടി സ്വീകരിക്കാൻ മന്ത്രാലയത്തോട് ആവശ്യപ്പെടുമെന്നും കെ-റെയിൽ വരില്ലെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.