തിരൂർ : ഏഴൂർ പിസി പടിയിലെ കൊറ്റംകുളങ്ങര ശിവഭഗവതീ ക്ഷേത്രത്തിലോ ശോഭായാത്ര യിൽ ശ്രീകൃഷ്ണനായി വേഷമിട്ടത് ഇസ്‌ലാം മതവിശ്വാസിയായ നിഷാദ് കല്ലിങ്ങൽ. ബോച്ചെയുടെ അപരനായി വേഷമിട്ടു സമൂഹമാധ്യമത്തിൽ തരംഗമായ വ്യക്തി കൂടിയാണ് നിഷാദ്.മതമൈത്രി ഊട്ടിയുറപ്പിക്കാനാണ് ശ്രീകൃഷ്ണ വേഷമിട്ടതെന്നും ഇത് തന്റെയൊരു ആഗ്രഹമായിരുന്നുവെന്നും നിഷാദ് കല്ലിങ്ങൽ പറഞ്ഞു. കൊറ്റംകുളങ്ങര ശിവഭഗവതി ക്ഷേത്രത്തിലെ ഘോഷയാത്രയിൽ വേഷമിട്ടതോടെ നിരവധി പേർ സെൽഫിയെടുക്കാനുള്ള തിക്കും തിരക്കുമായി. തുടർന്ന് തെക്കുംമുറി പാട്ടുപറമ്പ് ഭഗവതീ ക്ഷേത്രത്തിന് സമീപത്തും നിഷാദ് ശ്രീകൃഷ്ണ വേഷത്തിൽ പോയിരുന്നു. വേഷമൊരുക്കി കൊടുത്തത് മേക്കപ്പ് ആർട്ടിസ്റ്റ് സുബ്രു തിരൂരാണ്. കല്ലിങ്ങൽ മൊയ്തുവിന്റെയും പരേതയായ സുലൈഖയുടെയും മകനാണ് നിഷാദ്. ഉത്സവത്തിന് ഇതര സമുദായക്കാർക്ക് സമൂഹസദ്യയൊരുക്കുന്ന ക്ഷേത്രമാണ് കൊറ്റംകുളങ്ങര ക്ഷേത്രം.
പുറത്തൂർ : പുറത്തൂരിൽ നടന്ന ശോഭായാത്രകൾ കാവിലക്കാട് ഭയങ്കാവ് ഭഗവതീക്ഷേത്രത്തിൽ സംഗമിച്ചു. മംഗലം പഞ്ചായത്തിലെ യാത്രകൾ ചേന്നര മാളികത്താഴത്ത് ഭഗവതീ ക്ഷേത്രത്തിൽ സമാപിച്ചു. തൃപ്രങ്ങോടു നടന്ന ഘോഷയാത്രകൾ തൃപ്രങ്ങോട് മഹാശിവക്ഷേത്രത്തിലെത്തി.
തിരുനാവായ : കുറുമ്പത്തൂർ വില്ലേജ് ഓഫീസിനു സമീപമുള്ള മൈതാനിയിൽ കുറുമ്പത്തൂർ അമ്പാടി ബാലഗോകുലം, വടശ്ശേരി ദ്വാരക ബാലഗോകുലം, ചെലൂർ കരുവാൻ പടി ഹരിശ്രീ ബാലഗോകുലം എന്നിവിടങ്ങളിലെ ഘോഷയാത്രകൾ സംഗമിച്ചു. വിവിധ മത്സരങ്ങളുണ്ടായി