കുറ്റിപ്പുറം : ആറുവരിപ്പാത കരാർ കമ്പനി മഴവെള്ളം ഒഴുക്കിവിടാൻ നിർമിച്ച തോട് വയോധി കനായ മുകുന്ദൻ വാരിയർക്ക് സമ്മാനിച്ച ദുരിതം ചെറുതല്ല. തോട് മൂലം മുകുന്ദൻ വാരിയരുടെ വീട്ടിലേക്ക് വാഹനങ്ങൾക്ക് വരാനാവില്ല.കിടപ്പുരോഗിയായ മുകുന്ദൻ വാരിയരെ ആശുപത്രി യിലേക്ക് കൊണ്ടുപോകാനും തിരിച്ച് വീട്ടിലെത്തിക്കാനും കുടുംബം അനുഭവിക്കുന്ന ബുദ്ധിമുട്ട് ഏറെയാണ്. റോഡിൽ നിർത്തിയിട്ട ആംബുലൻസിൽ എത്തിക്കാനും തിരിച്ചു കൊണ്ടുവരാനും മുകുന്ദൻ വാരിയരെ സ്ട്രെച്ചറിൽ കിടത്തി ചുമക്കണം. ഇതിന് നാട്ടുകാരുടെ സഹായം തേടേണ്ട അവസ്ഥയാണ്.കൈലാസ് ഓഡിറ്റോറിയത്തിന് എതിർവശം റെയിൽേവ മേൽപ്പാലത്തിന് താഴ്ഭാഗത്തായി ലക്ഷ്മി നികേതനത്തിൽ മുകുന്ദൻ വാരിയരും കുടുംബവും അനുഭവിക്കുന്ന ദുരിതം ചെറുതല്ല. ആറുമാസം മുൻപാണ് ആറുവരിപ്പാത നിർമ്മാണത്തിന്റെ ഭാഗമായി റെയിൽവേ മേൽപ്പാലത്തിന്റെ ഇടതുഭാഗത്തു കൂടി മുകുന്ദൻ വാരിയർ താമസിക്കുന്ന വീടി നോടു ചേർന്ന് സർവീസ് റോഡിന്റെ നിർമാണം ആരംഭിച്ചത്.
ശക്തമായ മഴയിൽ റോഡ് നിർമാണത്തിന്റെ ഭാഗമായുള്ള മണ്ണും കല്ലും മുകുന്ദൻവാരിയരുടെ വീട്ടിലേക്കാണ് ഒഴുകിയെത്തിയത്. മഴവെള്ളം വീട്ടിലേക്ക് ഒഴുകിവരുന്നതു തടയാനാണ് താത്കാലികമായി കരാർ കമ്പനി ഇവരുടെ വീട്ടിലേക്കുള്ള റോഡിൽ തോട് കീറിയത്. എന്നാൽ മഴവെള്ളം ഒഴുകി വരാതിരിക്കാൻ സ്ഥിരം സംവിധാനം ഒരുക്കാനും തോട് പൂർവ സ്ഥിതിയിലാ ക്കാനും കരാർ കമ്പനി ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. മുകുന്ദൻ വാരിയരുടെ മകൻ സതീശൻ എംഎൽഎക്കും മുഖ്യമന്ത്രിക്കും ദേശീയപാത നിർമാണ കരാർ കമ്പനിക്കും പരാതി നൽകി യെങ്കിലും നീതി ലഭിച്ചിട്ടില്ല. ഒരാഴ്ചമുൻപ് പുലർച്ചെ രോഗം കൂടുതലായതിനെത്തുടർന്ന് മുകുന്ദൻ വാരിയരെ കുടുംബവും ആംബുലൻസ് ഡ്രൈവർ റഷീദ് കുറ്റിപ്പുറവും ഏറെ ബുദ്ധിമുട്ടിയാണ് ആശുപത്രിയിൽ എത്തിച്ചത്.