കുറ്റിപ്പുറം : നഗരത്തിലെ ബസ് സ്റ്റാൻഡിലേക്ക് വരാതെ കെഎസ്ആർടിസി, സ്വകാര്യ ദീർഘ ദൂര ബസ്സുകൾ പലതും യാത്രക്കാരെ ഹൈവേ ജങ്ഷനിൽ ഇറക്കുന്നത് തുടരുന്നു. നേരത്തെ രാത്രി ഒൻപതിനുശേഷമാണ് ഇത്തരത്തിൽ ആളുകളെ ഇറക്കിയിരുന്നതെങ്കിൽ ഇപ്പോഴത് വൈകുന്നേരം നാലു മുതൽ ആരംഭിക്കുകയാണ്.ദേശീയപാത 66 ആറുവരിപ്പാതയുടെ നിർമാണ വുമായി ബന്ധപ്പെട്ട് ആറുവരിപ്പാതയിൽനിന്ന് ഹൈവേ ജങ്ഷൻ വഴി കുറ്റിപ്പുറം നഗരത്തിലേക്ക് വാഹനങ്ങൾക്ക് പ്രവേശിക്കാൻ സർവീസ് റോഡ് ഇല്ലാതിരുന്ന സമയത്ത് കുറ്റിപ്പുറത്തേക്കുള്ള യാത്രക്കാരെ ഹൈവേ ജങ്ഷനിലെ ആറുവരിപ്പാതയുടെ മുകളിലും താഴേയുമായും മിനി പമ്പയിലും ഇറക്കിവിട്ടാണ് സ്വകാര്യ, കെഎസ്ആർടിസി ബസുകാർ ദുരിതത്തിലാക്കിയിരുന്നത്.
ഇപ്പോൾ ആറുവരിപ്പാതയിൽനിന്ന് ഹൈവേ ജങ്ഷനിലേക്ക് സർവീസ് റോഡ് നിർമിച്ചതോടെ യാണ് യാത്രക്കാരെ ഹൈവേ ജങ്ഷനിൽ ഇറക്കിത്തുടങ്ങിയത്. വൈകുന്നേരം വിദ്യാർഥികൾ കൂടുതലുള്ള സമയത്താണ് ചില സ്വകാര്യ ദീർഘ ദൂര ബസ്സുകൾ സ്റ്റാൻഡിൽ വരാതെ കുറ്റിപ്പുറ ത്തേക്കുള്ള യാത്രക്കാരെ ഹൈവേ ജങ്ഷനിൽ ഇറക്കി യാത്ര തുടരുന്നത്.രാത്രിയിൽ ഇത്തരത്തിൽ യാത്രക്കാരെയിറക്കുന്നത് കെഎസ്‌ആർടിസിയുടെ ദീർഘദൂര ബസുകളാണ്. ഇതുമൂലം കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനെ ആശ്രയിക്കുന്ന തീവണ്ടി യാത്രക്കാരാണ് ഏറെ ബുദ്ധിമുട്ടുന്നത്. ഹൈവേ ജങ്ഷനിൽ നിന്ന് റെയിൽവേ സ്റ്റേഷനിൽ എത്തണമെങ്കിൽ 600 മീറ്ററോളം ഇവർക്കു നടക്കേണ്ട അവസ്ഥയാണ്.കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ തീവണ്ടി യിറങ്ങി മറ്റിടങ്ങളിലേക്ക് പോകേണ്ടവരും ഇത്രയുംദൂരം നടക്കണം. ദീർഘദൂര ബസ് ജീവനക്കാരുടെ ഈ നടപടിക്കെതിരേ ഇതിനകം നിരവധി യാത്രക്കാർ മോട്ടോർ വാഹന വകുപ്പിനും പോലീസിനും പരാതികൾ നൽകിയിട്ടുണ്ടെങ്കിലും ഇതുവരെ യാതൊരു നടപടിയുമുണ്ടായിട്ടില്ല.