തിരൂരങ്ങാടി : ജില്ലയിൽ പണി പൂർത്തിയായി ഗതാഗതത്തിന് തുറന്നുകൊടുത്ത ആറുവരി ദേശീയപാതയിൽക്കൂടി വാഹനങ്ങൾ ചീറിപ്പായുകയാണ്. പാതയിൽ സ്ഥാപിച്ച ഡിജിറ്റൽ ഡിസ്‌പ്ലേയിൽ തെളിയുന്നത് ഭൂരിഭാഗവും 100 കിലോമീറ്റർ വേഗതയ്ക്കു മുകളിലാണ്. കാറു കളാണ് വേഗതയിൽ മുൻപിലുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അപകടങ്ങളിൽ മൂന്നുപേരു ടെ ജീവനാണ് ആറുവരിപ്പാതയിൽ പൊലിഞ്ഞത്. ചരക്കുലോറികൾക്കു പിറകിൽ കാറിടിച്ചാണ് രണ്ട് അപകടങ്ങളുണ്ടായത്. തലപ്പാറ വലിയപറമ്പിനു സമീപം വെളളിയാഴ്‌ച രാത്രി ലോറിക്കു പിറകിൽ കാറിടിച്ച് 24 വയസ്സുള്ള രണ്ട് ദർസ് വിദ്യാർഥികളാണു മരിച്ചത്.
കാറിലുണ്ടായിരുന്ന മറ്റു മൂന്ന് വിദ്യാർഥികൾക്കും പരിക്കേറ്റിരുന്നു. വൈലത്തൂർ സ്വദേശി ഉസ്‌മാൻ, വള്ളിക്കുന്ന് സ്വദേശി ഷാഹുൽഹമീദ് എന്നിവരാണ് മരിച്ചത്. ഞായറാഴ്‌ച ഉച്ചയോടെ കാലിക്കറ്റ് സർവകലാശാലയ്ക്കു സമീപം കോഹിനൂരിൽ കാർ ലോറിയിലിടിച്ച് പന്ത്രണ്ടുവയസ്സു കാരൻ രാമനാട്ടുകര സ്വദേശി ഇഹ്‌സാനാണ് മരിച്ചത്. നാലുപേർക്ക് പരിക്കേറ്റിട്ടുമുണ്ട്. അമിത വേഗത്തിലെത്തുന്ന വാഹനങ്ങൾ നിയന്ത്രണംവിടുന്നതോടെ ഡിവൈഡറുകൾ, മറ്റു വാഹനങ്ങൾ എന്നിവിടങ്ങളിലിടിച്ചാണ് വലിയ അപകടങ്ങളുണ്ടാകുന്നത്.
തരിപ്പണമാകുന്ന കാറുകൾ:ആറുവരിപ്പാതയിൽ വലിയ അപകടത്തിൽപ്പെടുന്ന കാറുകൾ തകർന്ന് തരിപ്പണമാകുന്നുണ്ട്. പ്രധാന കാരണം വാഹനങ്ങളുടെ അമിതവേഗമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.വാഹനങ്ങളുടെ ടയർ, ബ്രേക്ക്, ഇൻഡിക്കേറ്ററുകൾ, വാഹനത്തിന്റെ പിറകിലെയും വശങ്ങളിലെയും കാഴ്‌ചകൾ കാണാൻ സഹായിക്കുന്ന ഇരുവശങ്ങളിലെയും മധ്യഭാഗത്തെയും കണ്ണാടികൾ, ഹെഡ്‌ലൈറ്റുകൾ, ബ്രേക്ക്‌ലൈറ്റുകൾ തുടങ്ങിയ വാഹനത്തിലെ സംവിധാനങ്ങളുടെ പ്രവർത്തനക്ഷമത നിർബന്ധമായും ഉറപ്പുവരുത്തണം. കഴിഞ്ഞദിവസ ങ്ങളിൽ കൂടുതലും അപകടത്തിൽപ്പെട്ടത് കാറുകളാണ്. തലപ്പാറയ്ക്കു സമീപം വലിയപറമ്പിൽ വെള്ളിയാഴ്‌ചയുണ്ടായ അപകടത്തിൽപ്പെട്ട കാറിൽ കുടുങ്ങിയ യാത്രക്കാരെ ഓടിക്കൂടിയവർ ഏറെ പ്രയാസപ്പെട്ടാണ് കാറിൽനിന്ന് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. ഞായറാഴ്‌ച കോഹിനൂരിൽ ലോറിയിലിടിച്ച കാറും തകർന്നിട്ടുണ്ട്.
നിർത്തിയിടുന്ന ലോറികൾ അപകടകാരികൾ:ആറുവരിപ്പാതയിൽ വാഹനങ്ങൾ നിർത്തി യിടാൻ അനുമതിയില്ല. എന്നാൽ കാറുകൾ, ലോറികൾ തുടങ്ങിയവയെല്ലാം പലയിടങ്ങളിലും നിർത്തിയിടുന്നത് പതിവായിട്ടുണ്ട്. ഇടതുവശത്തുള്ള മൂന്നാമത്തെ ട്രാക്കിൽ നിർത്തിയിടുന്ന ഇത്തരം വാഹനങ്ങൾ പിറകിൽ വേഗത്തിലെത്തുന്ന വാഹനങ്ങളുടെ ശ്രദ്ധയിൽപ്പെടുന്നത് വൈകുന്നതോടെ വൻ അപകടമാണുണ്ടാക്കുന്നത്. വാഹനത്തിന് തകരാർ സംഭവിച്ചാൽ നൂറു മീറ്റർ അകലത്തിലെങ്കിലും ട്രയാങ്കുലർ സിഗ്‌നൽബോർഡ് നിവർത്തിവെച്ച് സൂചന നൽകിയാണ് വാഹനം നിർത്തിയിടേണ്ടത്. ദീർഘദൂര ചരക്കുലോറികൾ വാഹനത്തിലെ ചരക്ക് ശരിയാക്കാ നും ഷീറ്റിട്ട് മൂടുന്നതിനുമൊക്കെ വാഹനം ആറുവരിപ്പാതയിൽ നിർത്തിയിടുന്നതായി പരാതി കളുയർന്നിട്ടുണ്ട്.സർവീസ് റോഡിന് സമീപമുള്ള കടകളിൽനിന്ന് സാധനങ്ങൾ വാങ്ങാനായി ആറുവരിപ്പാതയിൽ വാഹനം നിർത്തിയിട്ട് ബാരിക്കേഡ് ചാടിക്കടന്നെത്തുന്ന ദീർഘദൂര ഡ്രൈവർമാരും ക്ലീനർമാരും ഉണ്ടെന്ന് നാട്ടുകാർ പറയുന്നുണ്ട്.
മഴയും വില്ലൻ:ആറുവരിപ്പാതയിൽ കെട്ടിനിൽക്കുന്ന മഴവെള്ളം മറ്റൊരു വില്ലനാണ്. ജില്ലയിൽ ശക്തമായ മഴ തുടർന്നത് അപകടങ്ങൾക്കു കാരണമായിട്ടുണ്ട്. വേഗത്തിലെത്തുന്ന വാഹനങ്ങൾ പെട്ടെന്ന് ബ്രേക്കിടുന്നതോടെ ഡിവൈഡറുകളിൽ ഇടിക്കാനും നിയന്ത്രണംവിട്ട് മറ്റുവാഹനങ്ങ ളിൽ ഇടിക്കാനും കാരണമാകുന്നുണ്ട്. ആറുവരിപ്പാതയിലെ മഴവെള്ളം ഒഴുകിപ്പോകാൻ സമയമെടുക്കുന്നതിനാൽ വാഹനങ്ങൾ വെള്ളത്തിൽ തെന്നിപ്പോയും അപകടങ്ങളുണ്ടാകുന്നുണ്ട്.
പാത മുറിച്ചുകടക്കുന്നവർ അപകടത്തിലേക്ക്:കാൽനടക്കാർ ആറുവരിപ്പാത മുറിച്ചുകടക്കു ന്നതിന് കർശന വിലക്കുണ്ടെങ്കിലും പലയിടങ്ങളിലും ആളുകൾ പാത മുറിച്ചുകടക്കുന്നുണ്ട്. കുതിച്ചുപായുന്ന വാഹനങ്ങളുടെ ഡ്രൈവർമാർ പെട്ടെന്ന് കാൽനടക്കാരനെ കാണുന്നതോടെ ബ്രേക്കിടാനും പെട്ടെന്ന് ട്രാക്ക് മാറ്റാനും ശ്രമിക്കും. ഇതും വലിയ അപകടത്തിനിടയാക്കും.
പോലീസ് നിരീക്ഷണം കുറവ്:പുതിയ ആറുവരിപ്പാത മാസങ്ങൾക്കുമുൻപ് ഗതാഗതത്തിന് തുറന്നുകൊടുത്തെങ്കിലും പോലീസ്, മോട്ടോർവാഹന വകുപ്പ് എന്നിവരുടെ നിരീക്ഷണം കുറവാണെന്ന ആക്ഷേപമുണ്ട്. നിയമലംഘനങ്ങൾ കണ്ടെത്താനുള്ള ക്യാമറകൾ സ്ഥാപിക്കുന്നു ണ്ടെങ്കിലും ഇവയുടെ പ്രവർത്തനം ആരംഭിക്കാനും നിയമലംഘനങ്ങൾക്കെതിരേയുള്ള നടപടികൾ എടുക്കുന്നതിലും ഇനിയും വൈകരുതെന്ന ആവശ്യവും ശക്തമായി.