തിരൂർ : ഡിജിപി റവാഡാ ചന്ദ്രശേഖർ ആലത്തിയൂർ ഹനുമാൻകാവിൽ ദർശനത്തിനെത്തി. ഞായറാഴ്ച രാവിലെയാണ് ഭാര്യ സരിത, മകൻ കാർത്തിക് എന്നിവർക്കൊപ്പം ആലത്തിയൂരി ലെത്തിയത്. റവാഡാ ചന്ദ്രശേഖർ മലപ്പുറം ജില്ലാ പോലീസ് മേധാവിയായപ്പോഴാണ് 25 വർഷം മുൻപ് ഭാര്യ സരിത മലപ്പുറത്തുവെച്ച് മകൻ കാർത്തിക്കിന് ജന്മംനൽകിയത്. 25 വർഷത്തിന് ശേഷമാണ് കാർത്തിക് മലപ്പുറത്തെത്തിയത്. എല്ലാവരെയും കാണാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്ന് കാർത്തിക് പറഞ്ഞു.
കുഴച്ച അവിലും നെയ്‌വിളക്കും പാൽപ്പായസവും വഴിപാടായി നൽകി. ഹനുമാന് ഗദയും ശ്രീരാമന് അമ്പുംവില്ലും സമർപ്പിച്ചു. ക്ഷേത്രം എക്സിക്യുട്ടീവ് ഓഫീസർ പരമേശ്വരനും ക്ഷേത്ര ജീവനക്കാരുംചേർന്നാണ് ഡിജിപിയെ സ്വീകരിച്ചത്. ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥ്, തിരൂർ ഡിവൈഎസ്‌പി എ.ജെ. ജോൺസൺ, താനൂർ ഡിവൈഎസ്‌പി പി. പ്രമോദ്, തിരൂർ ഇൻസ്പെക്ടർ എൻ. മുഹമ്മദ് റഫീഖ്, എലത്തൂർ ഇൻസ്പെക്ടർ രഞ്ജിത്ത് എന്നിവരും സുരക്ഷാ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട് ക്ഷേത്രത്തിലെത്തിയിരുന്നു. കാടാമ്പുഴ ഭഗവതീക്ഷേത്ര ത്തിലും ഡിജിപി ദർശനം നടത്തി.