കുറ്റിപ്പുറം : മുകുന്ദൻ വാരിയരും കുടുംബവും അനുഭവിച്ചു വരുന്ന ദുരിതത്തിന് പരിഹാരം കാണാൻ ഇപ്പോഴും ആരുമില്ല. കിടപ്പുരോഗിയായ മുകുന്ദൻ വാരിയരെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനും തിരിച്ചു വീട്ടിലെത്തിക്കാനും അദ്ദേഹത്തിന്റെ കുടുംബം അനുഭവിക്കുന്ന നരകയാതന കണ്ടില്ലെന്നു നടിക്കുക തന്നെയാണ് ആറുവരിപ്പാത കരാർ കമ്പനി ഇപ്പോഴും.കരാർ കമ്പനിക്കു മുൻപിൽ വിഷയം അവതരിപ്പിക്കാനും പരിഹരിക്കാനും ഇവിടെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും രാഷ്ട്രീയനേതാക്കളും രംഗത്തു വരുന്നുമില്ല. ഒരാഴ്ച മുൻപ് മുകുന്ദൻ വാരിയരെ ആശുപത്രിയിലേക്ക് കൊണ്ടു പോകാനും കൊണ്ടുവരാനും അവരുടെ കുടുംബം അനുഭവിച്ചു വരുന്ന ദുരിതം പ്രസിദ്ധീകരിച്ചതോടേയാണ് ഈ ദുരവസ്ഥ പുറം ലോകം അറിയുന്നത്.
എന്നിട്ടും വിഷയം പരിഹരിക്കാൻ ആരുമില്ലാത്ത അവസ്ഥയാണ് നിലനിൽക്കുന്നത്. റെയിൽവേ മേൽപ്പാലത്തിന്റെ കിഴക്കു വശത്തായാണ് മുകുന്ദൻ വാരിയരും കുടുംബവും താമസിക്കുന്നത്. ആറുവരിപ്പാത നിർമാണത്തിന്റെ ഭാഗമായി റെയിൽവേ മേൽപ്പാലത്തിന്റെ ഇടതു ഭാഗത്തു കൂടി മുകുന്ദൻ വാരിയർ താമസിക്കുന്ന വീടിനോടു ചേർന്ന് സർവീസ് റോഡിന്റെ നിർമാണം നടക്കുന്നുണ്ട്.ഇതിനിടെ പെയ്ത ശക്തമായ മഴയിൽ നിർമാണത്തിന്റെ ഭാഗമായി കൂട്ടിയിട്ട മണ്ണും കല്ലും മുകുന്ദൻ വാരിയരുടെ വീട്ടുമുറ്റത്തേക്കാണ് ഒഴുകിയെത്തിയത്. ഇതു തടയാനായാണ് കരാർ കമ്പനി ഇവരുടെ വീട്ടിലേക്കുള്ള റോഡിന്റെ പടിഞ്ഞാറ് ഭാഗത്തു കൂടി താത്‌കാലിക മായി തോട് നിർമിച്ചത്.
തോടിന്റെ കിഴക്കുഭാഗം ഇടിഞ്ഞു തുടങ്ങുകയും അവിടെ ചളി നിറഞ്ഞ അവസ്ഥയാകുകയും ചെയ്തതോടെ വാഹനങ്ങൾക്ക് മുകുന്ദൻ വാരിയരുടെ വീടിനു സമീപത്തേക്ക് വരാൻ ബുദ്ധി മുട്ടായി. തോട് നികത്തിയാൽ മാത്രമേ വാഹനങ്ങൾക്ക് മുകുന്ദൻ വാരിയരുടെ വീടിന് സമീപ ത്തേക്ക് സുരക്ഷിതമായി എത്താൻ കഴിയൂ.അസുഖം വർധിച്ചതിനെത്തുടർന്ന് ഇടക്കിടെ മുകുന്ദൻ വാരിയരെ ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി കൊണ്ടു പോകേണ്ടതുണ്ട്. വീട്ടിൽ നിന്നും 200 മീറ്ററോളം അകലെ നിർത്തിയിടുന്ന ആംബുലൻസിലേക്ക് സ്ട്രച്ചറിൽ കിടത്തി വേണം മുകുന്ദൻ വാരിയരെ എത്തിക്കാനും തിരിച്ചു കൊണ്ടു വരാനും. നാട്ടുകാരുടെ സഹായത്തോടെയാണ് ഇതെല്ലാം നടക്കുന്നത്.