താനൂർ : ജില്ലാപഞ്ചായത്ത് നിറമരുതൂർ ഡിവിഷനിൽ 25 കോടിയുടെ വിവിധ പദ്ധതികൾ പൂർത്തിയാക്കി വികസനനിറവിൽ. ബുധനാഴ്‌ച മുതൽ ഒക്ടോബർ 31 വരെ നിറമരുതൂർ ഡിവിഷൻ വികസനോത്സവം സംഘടിപ്പിക്കുമെന്ന് ജില്ലാപഞ്ചായത്തംഗം വി.കെ.എം. ഷാഫിയും ഡിവിഷനിലെ പഞ്ചായത്ത് ഭരണസമിതി ഭാരവാഹികളും താനൂരിൽ പത്രസമ്മേളനത്തിൽ അറിയിച്ചു.നിറമരുതൂർ ജില്ലാപഞ്ചായത്ത് ഡിവിഷനിൽ ഉൾപ്പെട്ട താനാളൂർ, ചെറിയമുണ്ടം, നിറമരുതൂർ പഞ്ചായത്തുകളിലെ 55 വാർഡുകളിലായാണ് ആരോഗ്യം, വിദ്യാഭ്യാസം, കുടി വെള്ളം, പട്ടികജാതി വികസനം, അങ്കണവാടി, റോഡുകൾ, തോടുകൾ, മത്സ്യബന്ധന മേഖല, തെരുവുവിളക്കുകൾ തുടങ്ങിയ വിവിധ വികസനപ്രവർത്തനങ്ങൾ നടപ്പാക്കിയത്.
വികസനോത്സവത്തിന്റെ ഫ്ലാഗ്‌ഓഫ് ബുധനാഴ്‌ച രാവിലെ 10-ന് ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എംപി ചെറിയമുണ്ടത്ത് നിർവഹിക്കും.നിർമാണം പൂർത്തിയായ വിവിധ പദ്ധതി കളുടെ ഉദ്ഘാടനവും ടെൻഡർ നടപടികൾ പൂർത്തിയായ പുതിയ പദ്ധതികളുടെ പ്രവൃത്തി ഉദ്ഘാടനവും വികസനോത്സവത്തിന്റെ ഭാഗമായി നടക്കും. വികസനോത്സവ ത്തിന്റെ ലോഗോ ജില്ലാപഞ്ചായത്തംഗം വി.കെ.എം. ഷാഫിയുടെ സാന്നിധ്യത്തിൽ ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് സൈനബ ചേനാത്ത്, പഞ്ചായത്ത് പ്രസിഡന്റുമാരായ ഇസ്‌മായിൽ പുതുശ്ശേരി, മൈമൂന കല്ലേരി, വൈസ് പ്രസിഡന്റ് പി.ടി. നാസർ എന്നിവർചേർന്ന് പ്രകാശനംചെയ്തു.