തിരൂർ : ജില്ലാപഞ്ചായത്ത് 69 ലക്ഷം രൂപ വകയിരുത്തി നിർമിച്ച നിറമരുതൂർ പഞ്ചായത്തിലെ ഉണ്യാൽ തേവർകടപ്പുറം കട്ടേക്കടവത്ത് ഖാലിദ് എന്ന രിഫായി സ്‌മാരക സീവാൾ റോഡ് നാടിനു സമർപ്പിച്ചു.നിറമരുതൂർ പഞ്ചായത്തിനോട് അതിർത്തിപങ്കിടുന്ന വെട്ടം പഞ്ചായത്തിലെ ആലിൻചുവട് മുതൽ 500 മീറ്റർ നീളത്തിലും ആറുമീറ്റർ വീതിയിലുമായാണ് കടലോര മേഖല യിൽ പുതിയ റോഡ് നിർമിച്ചത്. പ്രദേശവാസികൾ പൂർണമായും സൗജന്യമായി വിട്ടുനൽകിയ സ്ഥലം ഗ്രാമപ്പഞ്ചായത്ത് ആസ്തിയിലും പിന്നീട് ജില്ലാപഞ്ചായത്ത് ആസ്തിയിലേക്കും ഉൾപ്പെടു ത്തിയാണ് 69 ലക്ഷം രൂപയുടെ പദ്ധതി നടപ്പാക്കിയത്. റോഡിന്റെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഇസ്‌മായിൽ മൂത്തേടം നിർവഹിച്ചു.ചടങ്ങിൽ ജില്ലാപഞ്ചായത്തംഗം വി.കെ.എം. ഷാഫി അധ്യക്ഷനായി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഇസ്‌മായിൽ പുതുശ്ശേരി, വൈസ് പ്രസിഡന്റ് സജിമോൾ കാവീട്ടിൽ, വി.ഇ.എം. ഇക്ബാൽ, വാർഡ് മെമ്പർ കെ.കെ. ഫാത്തിമ, സി.പി. സഹദുള്ള, കുഞ്ഞിപ്പ, നാസർ ചാരാത്ത്, സി.പി. മനീഷ്, രാഷ്ട്രീയനേതാക്കൾ തുടങ്ങിയവർ പ്രസംഗിച്ചു.

